സാക്ഷ്യപ്പെടുത്തല്‍; കവിത, ടോബി തലയല്‍

സാക്ഷ്യപ്പെടുത്തല്‍; കവിത, ടോബി തലയല്‍

 തെങ്ങോല കാറ്റില്‍ എഴുതിയ
മണ്ഡരിയും മൂല്യശോഷണവും
എന്ന കവിത,
അനുഭവത്തിന്റെ വെളിച്ചത്തില്‍
കീടങ്ങളുടെ സാന്നിധ്യത്തില്‍
ഇളംകരിക്കുകള്‍ ഒരിക്കല്‍
കണ്ണീരില്‍ ചാലിച്ച്‌
പാടിയിരുന്നതായി
സൂര്യന്‍ സാക്ഷ്യപ്പെടുത്തുന്നു

സമൂഹത്തെ കാര്‍ന്നുതിന്നുന്ന
അനാരോഗ്യ പ്രവണതകള്‍
എന്ന ലേഖനം തേങ്ങ എഴുതിയത്‌,
പൊതിക്കാത്ത സത്യങ്ങളുടെ
കലവറയില്‍ കിടന്നാണെന്ന്‌
പല്ലുകൊഴിഞ്ഞ ചിരവയോടൊപ്പം
കൊതിക്കെറുവ്‌ തീരാത്ത ചുണ്ടെലിയും
ആണയിടുന്നു

പൗര്‍ണ്ണമിച്ചന്ദ്രന്‍ എഴുതിയ
നഗ്‌നത എന്റെ നിശാവസ്‌ത്രം
എന്ന ചെറുകഥ,
രാത്രിയുടെ അലമാരയില്‍ നിന്ന്‌ കവര്‍ന്ന്‌
പാലപ്പൂവിന്റെ ഗന്ധവും
നിലാവിന്റെ വശ്യതയും പൂശി
മനോധര്‍മംപോലെ
പൊടിപ്പും തൊങ്ങലും ചാര്‍ത്തി
നാടാകെ നീട്ടിപ്പറഞ്ഞത്‌
കാറ്റാണെന്ന്‌,
ഒരു നാണവുമില്ലാതെ
നിവര്‍ന്നുനിന്ന്‌
മൊഴികൊടുക്കുന്നു
അരയില്‍ പേരിനൊരു
ഇലയാട പോലും ചുറ്റാത്ത തെങ്ങ്‌!

 

ടോബി തലയല്‍