സമയം: കവിത; രമ പിഷാരടി, ബെംഗളൂരു

സമയം: കവിത; രമ പിഷാരടി, ബെംഗളൂരു

രാവിൽ  നിന്നും 
കടഞ്ഞ നിലാവത് 
ഭൂമിയിൽ തുടി-
കൊട്ടും പകലത്. 

ആദികാവ്യം   മുളച്ച-
മൺ പുറ്റത് !
സൂര്യ ക്ഷേത്ര-
നിഴലിൻ കണക്കത്. 

ഭ്രാന്തുരുട്ടിയ കല്ലിൻ 
കഥയത്. 
വേനലിൻ മഴത്തുള്ളി,  
അമൃതത്.

കാലടിപ്പാടിലൂടെ 
കടന്ന്  പോം
കാവ്യഭാഷ  തൻ
മന്ത്രധ്വനിയത്. 


നിൽക്കയെന്ന് പറ-
കിലും നിൽക്കാത്ത 
ചക്രമാണ്
അയനക്രമമത്. 


കാത്തിരിപ്പിൻ 
സുവർണ്ണ  ഋതുവത് 
യാത്ര തൻ  പ്രാണ-  
നിശ്വാസമാണത്. 

പെൻഡുലത്തിന്റെ 
നിൽക്കാത്ത നർത്തനം
കണ്ട്  നിൽക്കുന്ന
മൗനസ്മൃതിയത്. 

ഒന്ന്  പോലെ ഋതു-
ക്കളിൽ,  ഭൂമിയിൽ
മുങ്ങി  നീന്തുന്ന 
തേർചക്രമാണത്. 

കൈയിലുണ്ടെന്ന് 
തോന്നിലും കൺ- 
കെട്ട് വിദ്യ കാട്ടുന്ന 
മാന്ത്രികനാണത്.. 


നിന്ന് പോകാതെ
താളം നിലയ്ക്കാതെ 
പിൻതിരിയാത്ത
വൻരഥമാണത്.


വന്യത ചോർ-
ന്നൊലിക്കും ഇരുളത് 
കണ്ണിലെ സൂര്യകാന്ത-
വിളക്കത്. 

ഒന്ന്  നിൽക്കുമോ 
എന്ന്  ചോദിക്കവെ
കൈ പിടിച്ച്‌ 
മുന്നോട്ടെന്ന് ചൊല്ലിയോ..

രമ പിഷാരടി, ബെംഗളൂരു