സന്ധ്യയ്ക്കു വിരിഞ്ഞ കഥകൾ : പുസ്തക പരിചയം, (കെ പ്രേമചന്ദ്രൻ നായർ)

സന്ധ്യയ്ക്കു വിരിഞ്ഞ കഥകൾ : പുസ്തക പരിചയം, (കെ പ്രേമചന്ദ്രൻ നായർ)

    

 

ടലാസ് കണ്ടുപിടിക്കുന്നതിനു മുൻപ് എഴുതി സൂക്ഷിച്ചിരുന്നത് ആദ്യം പാറകളിലായിരുന്നു. പിന്നീട് അതു മാറി വൃക്ഷത്തിന്റെ തൊലികളിലും മൃഗത്തിന്റെ തോലുകളിലും തുടർന്നു. കാലാന്തരത്തിൽ കടലാസിലേക്ക് പരിണമിച്ചു എന്നു മാത്രം. ഇത്രയും പറഞ്ഞത് സന്ധ്യ. എം. എന്ന എഴുത്തുകാരിയുടെ കഥാസമാഹാരത്തിനു തലക്കെട്ടു കണ്ടതുകൊണ്ടാണ്.

 സന്ധ്യ ഈ സമാഹാരത്തിലെ ആദ്യ കഥ എഴുതിയിരിക്കുന്നത് പ്രണയത്തിന്റെ ഭാഷയിൽ ആലിലയിലാണ്. ശ്രുതിക്ക് പ്രവിയോടുണ്ടായിരുന്ന യഥാർത്ഥ പ്രണയം മുറ്റത്തെ ആൽമരത്തിന്റെ ഇലകളിലാണ് എഴുതിയിട്ടത്.     

പതിനാറു കഥകൾ, രണ്ടു കഥകൾ സുദീർഘം. മനസ്സിൽ വീണലിഞ്ഞ രഹസ്യവും, കറുത്ത പൂച്ചയും. ബാലനായ സിദ്ധുവിനു മാത്തനെന്ന ആട്ടിൻ കുട്ടിയോടു തോന്നിയ അമിത വാത്സല്യം . കൂട്ട് കുടുംബ വ്യവസ്ഥയിൽ വളരുന്ന സിദ്ധുവിന്റെ ജീവിതം വായനക്കാർക്ക് രസിക്കുന്നവിധത്തിൽ കഥ പറയുന്ന സന്ധ്യയുടെ രചനാസാമർഥ്യം പ്രശംസനീയം തന്നെ. അയൽപ്പനക്കാരായ രണ്ടു കുടുംബങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മയും ചില്ലറ പരിഭവവും അസൂയയും ആ കഥയിൽ പ്രകടമാകുന്നുണ്ട്.   

മനസ്സിൽ വീണലിഞ്ഞ രഹസ്യം തുന്നൽ പണിചെയ്തു ജീവിക്കുന്ന രജനിച്ചേച്ചിയുടെ അവസ്ഥ കണ്ടുമനസ്സലിഞ്ഞ യാമിനി എന്ന ഹൃദയാലുവായ സുഹൃത്തിനു പിണഞ്ഞ വിനയുടെ ചിത്രമാണ് കഥാകാരി പറയുന്നത്. 

കഥകളിൽ അധികവും ഹ്രസ്വവും കാവ്യം പോലെ മനോഹരവുമായ ഭാഷാ ശൈലികൊണ്ട് വായനാസുഖം നൽകുന്നതാണ്. 

കുട്ടിക്കാലത്തു അവല്മായി വീട്ടിൽ എത്തുന്ന നാഗപ്പ എന്ന അണ്ണാച്ചിയുടെ ഓർമ്മകളിലേക്കുള്ള പ്രയാണമാണ് അവൽ അണ്ണാച്ചി . നാഗപ്പ ചുവരിൽ കരിക്കട്ടകൊണ്ടു  എഴുതിയിട്ട കടക്കണക്കുകൾ കാണുമ്പോൾ ആരതിയുടെ മനസ്സിൽ  അവൽ കച്ചവടക്കാരനായ അണ്ണാച്ചി ഓര്മയിലെത്തും.

പിന്നീട് എത്തിയ മറ്റൊരു അണ്ണാച്ചിയുടെ 'അവൽ വേണമോ 'എന്നുള്ള വിളിയാണ് ആരതിയിൽ ഗൃഹാതുര ചിന്തയുണർത്തിയത്. 

 നേർത്ത മഴകൊണ്ടങ്ങനെ നിൽക്കണം. അടർത്തുക അസാധ്യം,  കൂയ്, പുഴ മോഹിപ്പിക്കുന്ന യാത്ര, കാറ്റ് കൈവിട്ടപ്പൂവ് തുടങ്ങിയ നുറുങ്ങു കഥകൾ  കവിതപോലെ സുന്ദരമാണ്.  കരളിൽ വിടർന്ന കൽഹാര മലരുകളായി അതു പരിലസിക്കുന്നു .

തെക്കൻ കാറ്റു വയോജന മനസ്സിന്റ വിഹ്വലചിന്തകളാണ്. വാർദ്ധക്യം ഒരു ജീവിതാവസ്ഥയാണ് .

 സന്ധ്യാനേരം ദിനാന്ത്യത്തിന് തിരശീല ഇട്ട് നിശയിലേക്കും, പുതിയ പുലരിയിലേക്കും ഉള്ള തുടക്കം കുറിക്കലാണ്. ഈ കഥാ മലരുകൾ വായനക്കാരന് വിരുന്നു നൽകും എന്നതിന് സംശയമില്ല................. !     

 

കെ പ്രേമചന്ദ്രൻ നായർ