ഹാൻഡ് സാനിറ്റൈസറുകള്‍ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനം

ഹാൻഡ് സാനിറ്റൈസറുകള്‍ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനം
കോവിഡ് രൂക്ഷമായ കാലത്ത് ഹാൻഡ് സാനിറ്റൈസറുകള്‍ അവശ്യ വസ്തുക്കളിലൊന്നായിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാനും ജീവൻ രക്ഷിക്കാനുമുള്ള ഉപകരണമായി ഇത് മാറി.
ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗത്തിലും വില്‍പ്പനയിലും പെട്ടെന്നുള്ള കുതിച്ചുചാട്ടം പ്രകടമായിരുന്നു. ഇന്ന് കോവിഡ് ഭീതി കുറഞ്ഞെങ്കിലും ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്ന ശീലം അവശേഷിക്കുന്നു.

ഇതിനിടെ, സാധാരണ ഗാർഹിക അണുനാശിനികള്‍, ഫർണിച്ചറുകള്‍, ഹാൻഡ് സാനിറ്റൈസറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തലച്ചോറിൻ്റ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുവെന്ന് മനുഷ്യകോശങ്ങളെയും എലികളെയും അടിസ്ഥാനമാക്കിയുള്ള പുതിയ പഠനം കണ്ടെത്തി. പ്രത്യേകിച്ച്‌ തലച്ചോറിന്റെ വളർച്ചയുടെ സുപ്രധാന ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.

ഒഹായോസ് കേസ് വെസ്റ്റേണ്‍ റിസർവ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ ബയോളജിസ്റ്റ് എറിൻ കോണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 1,823 സംയുക്തങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ഈ രാസവസ്തുക്കള്‍ ഒലിഗോഡെൻഡ്രോസൈറ്റുകള്‍ (Oligodendrocytes) എന്ന മസ്തിഷ്ക കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒലിഗോഡെൻഡ്രോസൈറ്റുകളുടെ വളർച്ചയെ തടയുകയോ അല്ലെങ്കില്‍ അവയെ നശിപ്പിക്കാൻ തുടങ്ങുകയോ ചെയ്യുന്നുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തില്‍ സഹായിക്കുന്ന കോശമാണ് ഒലിഗോഡെൻഡ്രോസൈറ്റുകള്‍. ഇവ മസ്തിഷ്ക സിഗ്നലുകള്‍ വേഗതയില്‍ നീങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. ഇതിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് (MS) പോലുള്ള മറ്റ് നാഡീ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു.