ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിലാണ് സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തത്. അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് അദ്ദേഹം.
ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ കൂടിച്ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് അറുപത്തിയൊന്നുകാരനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രസിഡന്റ് പദത്തിലെത്തുന്നത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഖലീഫ ബിന്‍ സായിദ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇല് മക്തൂം അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.