സിംലാൻ്റി: നീണ്ടകഥ , സൂസൻ പാലാത്ര  

സിംലാൻ്റി: നീണ്ടകഥ , സൂസൻ പാലാത്ര  

 

 

       കാറിൻ്റെ നിർത്താതെയുള്ള ഹോണടി കേട്ട് അവൾ ജാലകപ്പഴുതിലൂടെ ഒളികണ്ണിട്ടു നോക്കി.  കാറിൽ പിൻസീറ്റിലിരിക്കുന്ന തലയിൽകഷണ്ടികയറിയ, ചുവന്നുതുടുത്തിരിക്കുന്ന മനുഷ്യനെ ഒന്നേ നോക്കിയുള്ളൂ. മകനും ഇളയമകളും അദ്ദേഹത്തിനിരുവശത്തുമായിരിയ്ക്കുന്നു. മോളുടെ കണ്ണുകളിൽ സർവ്വലോകവും നേടിയഭാവം.  എയർപോർട്ടിൽ നിന്ന് പിടിച്ച കാറായിരിയ്ക്കും.

പപ്പയെ സ്വീകരിച്ചാനയിക്കാൻ സകുടുംബമായിപ്പോയ രണ്ടാമത്തെ മകൾ സാലിയും കുടുംബവും പിന്നാലെയുണ്ട്. ഡ്രൈവർ നിർത്താതെ ഹോണടിയ്ക്കുകയാണ്. കാലിൽ ആണിയടിച്ചുറപ്പിച്ചതു പോലെ.  എത്സമ്മ നിന്നിടത്തു നിന്ന് ഒരടിപോലും  അനങ്ങിയില്ല. 

        നല്ല ശമറിയാക്കാരിയാകാൻ കച്ചകെട്ടിഇറങ്ങിയ സുഭദ്ര വിളിച്ചുകൂവുന്നു.

 "സിംലാൻ്റിയേ ഓടിച്ചെല്ല്, ഗേറ്റ് തുറന്നുകൊടുക്ക് " എത്സമ്മ വിളികേട്ടതായിപ്പോലും  ഭാവിച്ചേയില്ല. 

       അമ്മയെ ഏറ്റം നന്നായി പഠിച്ചുവച്ച ഇളയമകൾ കുക്കി കാറിൽ നിന്നിറങ്ങി ഗേറ്റ് മലർക്കെ തുറന്നു. അദ്ദേഹം വീടും പരിസരവും മകൾ നട്ടുണ്ടാക്കിയ പൂന്തോട്ടവും ആമ്പൽക്കുളവും കൗതുകത്തോടെ വീക്ഷിച്ചു. എന്നിട്ടും ആ കണ്ണുകൾ ആരെയോ തേടുന്നുണ്ടല്ലോ.

      " മമ്മീ... ദേ ഇങ്ങ് ഓടി വന്നേ, ദാ ഈ വന്നിരിക്കുന്നത്  ആരൊക്കെയാന്ന് കണ്ടേ" കുക്കി ആനന്ദാതിരേകത്താൽ വിളിച്ചു കൂവുന്നു. 

   മകൻ, തൻ്റെ ബിജിമോൻ  അദ്ദേഹത്തെപ്പോലെ തന്നെയിരിക്കുന്നു. കാഴ്ചയിലും ശബ്ദത്തിലുമെല്ലാം ഒരേപോലെ. രണ്ടാമത്തെ മകൾ സാലി കിതച്ചു കൊണ്ട് ഓടി തൻ്റെ മുറിയിലേയ്ക്ക് വന്നു. 

" മമ്മീ, ദേ ദുർമ്മുഖമൊന്നും കാണിയ്ക്കരുതെ പ്ലീസ്. ദാ നമ്മടെ വാവേടെ സന്തോഷം കണ്ടില്ലേ, മമ്മിയായിട്ട് അത് കെടുത്തരുത്, ഒന്ന് അഡ്ജസ്റ്റ് ചെയ്യ് മമ്മക്കുട്ടാ, എൻ്റെ മുത്തല്ലേ" കുക്കിയെ സഹോദരങ്ങളെല്ലാം വാവ എന്നാണ് വിളിക്കുന്നത്.  വാവ തൻ്റെ ബലഹീനതയാണെന്ന് നന്നായി മനസ്സിലാക്കിയിട്ടാണ് സാലി അങ്ങനെ പറഞ്ഞത്. അവൾ തന്നെ ഇക്കിളിയിട്ട് ചിരിപ്പിയ്ക്കാൻ വൃഥാശ്രമം നടത്തി.

      വീണ്ടുമൊരു കാർ വീട്ടുമുറ്റത്തെത്തി. അതിൽനിന്ന് മൂത്തമകൾ മേഴ്സിയും അവളുടെ  ഭർത്താവും മക്കളുമിറങ്ങിവന്നു. ഓടിവന്ന് തന്നെ പറ്റിച്ചേർന്നു നിന്ന  സാലിയുടെ പെൺമക്കൾ ഇരുവരും വേഗം ചെന്ന് അവരെ സ്വീകരിച്ചു കൊണ്ടുവന്ന് ഡ്രോയിംഗ് റൂമിലിരുത്തി, കിന്നാരം ചോദിയ്ക്കുന്നു.

          പുറത്തെ എല്ലാ വിവരങ്ങളും സാലിയുടെ മക്കൾ, താൻ ചോദിയ്ക്കാതെ തന്നെ അപ്പപ്പോൾ  അറിയിയ്ക്കുന്നുണ്ട്. 

        ബിജിമോൻ്റെ ഭാര്യയും മക്കളുമെവിടെ? ഒരിയ്ക്കൽ പോലും താൻ അവരെ നേരിൽകണ്ടിട്ടില്ല. പപ്പയും രണ്ടാംഭാര്യയും കൂടിയാണ് അവൻ്റെ വിവാഹം നടത്തിക്കൊടുത്തത്. അതും സിംലയിൽവച്ചു തന്നെ. മോൻ മാത്രം നാലഞ്ചുവർഷം കൂടുമ്പോൾ ഓരോ മാസം വന്നു നിന്നിട്ടുപോകും. തനിക്കാവശ്യമില്ലാത്ത  സ്വെറ്ററും, മഫ്ലറും, കമ്പിളി പുതപ്പുകളും ഒരു സാരിയും കൊണ്ടെത്തരും. നാട്ടീന്നു പോകുന്നതുവരെ കൂട്ടും കുടിയും ആട്ടവും പാട്ടും. ചെലവുകാശുപോലും തരില്ല. തൻ്റെ കയ്യിലുള്ളതൊക്കെ നുള്ളിപ്പെറുക്കി തീറ്റിക്കുടിപ്പിച്ച്, എണ്ണപ്പലഹാരങ്ങളും അച്ചാറുകളും ഉണ്ടാക്കി സമാധാനത്തോടെ യാത്രയയ്‌ക്കും. തൻ്റെ ദുർഗ്ഗതി മറ്റാരുമറിയാതിരിയ്ക്കാൻ വളരെ ശ്രദ്ധിച്ചു. മോൻ വന്നപ്പോൾ എന്തൊരു പവറാ. ഒരു മിഠായി പോലും തന്നില്ല എന്നു  മറ്റുള്ളവരെക്കൊണ്ട് പറയിക്കാതിരിയ്ക്കാൻ കുറച്ചു മിഠായി വാങ്ങി അയല്ക്കാർക്കൊക്കെ പങ്കിട്ടുകൊടുത്തു. ദു:ഖങ്ങൾ എന്നും യേശുവിൻ്റെ തോളിൽ മാത്രം  സമർപ്പിച്ചു.  കർത്താവു പറഞ്ഞിട്ടുണ്ടല്ലോ "നിൻ്റെ ക്രൂശെടുത്ത് എൻ്റെ പിന്നാലെ വരിക" എന്ന്. എന്നാൽ നാളിതുവരെ ജീവിച്ചിരുന്നത് അരുമ നാഥൻ തൻ്റെ ക്രൂശിൻ്റെ ഭാരം താങ്ങിയതുകൊണ്ടു മാത്രമാണ്. തനിയ്ക്ക് തല ചായ്ച്ച് ഒന്നുറക്കെ കരയാൻ കിട്ടിയ ആ ചുമൽ. ആ സ്നേഹം, ആ ദിവ്യസ്നേഹമാണ്, തൻ്റെ മക്കളെ ഇന്ന് ഒരു കരയ്ക്കെത്തിച്ചത്. 

           കുട്ടികൾ ആരും കൂടെയില്ലാത്തപ്പോൾ തന്നെ വീട്ടുജോലിയിൽ സഹായിക്കാനും ഒന്നു മിണ്ടാനും പറയാനും വരുന്നത് ചോലക്കരേലെ അമ്മിണിയാണ്.

        അടുക്കളയിൽനിന്ന് കരിമീൻ പൊള്ളിക്കുന്ന മണം അന്തരീക്ഷത്തിലെങ്ങും വ്യാപിച്ചു.

        കൊച്ചുമക്കൾ ഊണുകഴിക്കാൻ ധൃതികൂട്ടി. അല്ലെങ്കിൽ തന്റെ സാന്നിദ്ധ്യം ആ വീട്ടിൽ നിറഞ്ഞു നില്ക്കാൻ മക്കൾ കണ്ട ഏക പോംവഴിയാകുമത്.  കുട്ടികൾ  തൻ്റെ കയ്യിൽ പിടിച്ച് വലിച്ച് അടുക്കളയിലെത്തിയ്ക്കാൻ ശ്രമിയ്ക്കുകയാണ്: 

"വല്യമമ്മീ ... വിശക്കുന്നു, വല്ലാതെ വിശക്കുന്നു"

 

                 (തുടരും...)