സിംലാൻ്റി: നീണ്ടകഥ,  സൂസൻ പാലാത്ര, അദ്ധ്യായം - ആറ്

     സിംലാൻ്റി: നീണ്ടകഥ,  സൂസൻ പാലാത്ര,  അദ്ധ്യായം - ആറ്

 

    "സിംലാന്റിയേ ദേ, നിങ്ങക്കൊരു വിരുന്നുകാരിയുണ്ടേ" അയൽക്കാരി സരസൂൻ്റെ ഘോഷസ്വരം.  ഒപ്പം പട്ടിക്കുഞ്ഞിൻ്റെ നിർത്താതെയുള്ള കുരയും.

         എത്സമ്മ കുക്കിയോടായി പറഞ്ഞു, "മോളു പോയി ആരാന്നു നോക്കീട്ടു വാ "

കുക്കി വന്നു പറഞ്ഞു " മമ്മച്ചി ആരാന്നൊരു ഐഡിയയും കിട്ടുന്നില്ല. ചട്ടയും മുണ്ടും  കവിണിയും ധരിച്ച അതിസുന്ദരിയായ ഒരമ്മച്ചി. ഹാ.. ഹാ... എന്തൊരഴകാന്നോ !"

         എത്സമ്മ നടവാതില്ക്കൽ ചെന്ന് എത്തി നോക്കി. 

" ങാ, അന്നാമ്മക്കൊച്ചമ്മയാണല്ലോ"

തൻ്റെ മീനടത്തുള്ള മൂത്തചേട്ടത്തിയുടെ ഭർത്താവിൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു കൊച്ചമ്മയാണ്.  അവിടെ ചെല്ലുമ്പോഴൊക്കെ പലപ്പോഴും കണ്ടു പരിചയമുണ്ട്. ഒന്നിച്ചൊരു മേശയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്, അത്രമാത്രം. 

അവരെ കണ്ടപ്പോൾ, പഴയ ഒരു സംഭവമോർത്ത്  എത്സമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ആ ചിരിയുടെ അർത്ഥം തേടുന്ന കുക്കിമോളുടെ മുഖത്തു നോക്കി എത്സമ്മ 

ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു " ആൻ്റിപ്പോർ എത്സി"

"ഓ, അതീ അമ്മച്ചിയാണോ, കെട്ടും ഭാണ്ഡോമൊണ്ടല്ലോ, ഇനി ഇവിടെ കൂടാനാണോ പ്ലാൻ "

" ആ ആർക്കറിയാം ... ഭക്തി കൂടി അല്പം പിശകായതാ, എന്തായാലും ഇന്നിവിടെ കഴിയട്ടെ. 

ചെവിയ്ക്ക് കേഴ്വിക്കുറവുള്ള അന്നാമ്മക്കൊച്ചമ്മ പറഞ്ഞു:

" ആ ഞാനിത്രടം പോന്നു, വയസ്സായപ്പം എല്ലാർക്കും എന്നെ ഒരു തള്ളൽ, ഇനി ഇവിടെ എത്സിക്കുട്ടീടെ കൂടെ കൊറച്ചു നിയ്ക്കാം"

എൽസിയും കുക്കിയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 

ആ ഞെട്ടലിൽനിന്ന് അവർ വിമുക്തരാവുന്നതിനു മുന്നേ അന്നാമ്മ എന്ന വൃദ്ധ മൊഴിഞ്ഞു.

"ആൻ്റിപ്പോർ എത്സി"

കർത്താവു പറഞ്ഞു 'യാത്രക്കോപ്പുമായി പുറപ്പെടുക' എന്ന്. അവൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ. ഞാനിങ്ങു പോന്നു, അത്ര തന്നെ.

കുക്കി ഓർത്തു, തല്ക്കാലം ഈ അമ്മച്ചി ഇവിടെ നില്ക്കട്ടെ. പപ്പയേം മമ്മേം അടുത്തിടപഴകിക്കാൻ ഈ അമ്മച്ചിയ്ക്കു കഴിഞ്ഞേക്കും.

       അവൾ അടുക്കളയിൽ കയറി ചോറും കറികളും പാത്രത്തിൽ പകർന്നെടുത്തു. അന്നാമ്മ അമ്മച്ചിയെ വിളിച്ചിരുത്തി നിറച്ചൂട്ടി.

 നാലുമണിപ്പുഴുക്കുണ്ടാക്കുന്ന  തിരക്കിലായിരുന്നു അമ്മിണി. തെക്കേമുറ്റത്തെ പ്ലാവിൽ നിറയെ ചക്ക കായ്ച്ചു കിടപ്പുണ്ട്. പ്ലാവിൻ്റെ ചുവട്ടിലും നിലത്തും ഒക്കെ കായ്ഫലങ്ങളുണ്ട്. എത്സമ്മ ചാണകം തുണിയിൽക്കെട്ടി കയ്യെത്തുന്ന ഉയരത്തിലെല്ലാം പ്ലാവിൻ്റെ തായ്ത്തടിയിൽ ചാണകം കെട്ടി വച്ചിട്ടുണ്ട്. അതായിരിക്കാം പറമ്പിലെ പ്ലാവുകളിലെല്ലാം നിറയെ കായ്ച്ചിട്ടുണ്ട്. 

     അന്നാമ്മച്ചേടത്തി പറഞ്ഞു: "പ്രായമായില്ലേ, വിശപ്പു തീരെയില്ല"

കുക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: "അമ്മച്ചി ഇത്തിരി കൂടിയുണ്ണ്"

ചോലക്കര അമ്മിണിയൊരുക്കുന്ന ചക്കയിലേയ്ക്ക് കണ്ണുനട്ടും കൊണ്ട് അന്നാമ്മക്കൊച്ചമ്മ പറഞ്ഞു : "ഇനി ചക്ക വേയിച്ചത് തിന്നാൻ വയറു വേണ്ടേ, മതി കുഞ്ഞേ "

എന്നിട്ട് തുടർന്നു "എനിക്ക് ചക്ക തിന്നാൻ കൊതിയാ മക്കളെ, എൻ്റെ ഇളയ മകൻ ഇസഹാക്കിൻ്റെ ഭാര്യ എനിക്കു മാത്രം തരില്ല "

" അയ്യോ അതെന്നാന്നേ "

" അതോ എനിക്കു് എപ്പഴും നോവും തൂറുമാന്ന് "

കുക്കിയും അമ്മിണിയും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

ഈ സമയം എത്സമ്മ ഉടുത്തൊരുങ്ങി എളുപ്പത്തിൽ കുക്കിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചിട്ട് പുറത്തേയ്ക്കു പോയി. 

  ഏറെ നേരത്തിനു ശേഷം മടങ്ങിവന്നത്, കുറ്റിക്കാട്ടിലെ ഷിബുവിനെയും രാജമ്മയേയും കൊണ്ടാണ്. ഷിബുവും രാജമ്മയും അദ്ധ്യാപകരാണ്.

ഷിബുവിനെ കണ്ട അന്നാമ്മച്ചേടത്തി വീട്ടിനുള്ളിലൊളിച്ചു. രാജമ്മ പമ്മിപ്പമ്മിച്ചെന്ന് അമ്മച്ചിയെ പിടിച്ച പിടിയാലെ ബലം പ്രയോഗിച്ച് പുറത്തെത്തിച്ചു.

എന്നിട്ടു അമ്മച്ചിയുടെ ചെവിയിൽ മെല്ലെ ഓതി: "അമ്മൂ ... എൻ്റെ പൊന്നമ്മച്ചീ, എൻ്റെ കൂടെ വാ, പറഞ്ഞാൽ തീർക്കാവുന്ന വിഷയങ്ങളും സങ്കടങ്ങളുമല്ലേ, എൻ്റെ അമ്മച്ചിയ്ക്കുള്ളൂ ... ..ൻ്റെ പൊന്നല്ലേ, വാ, ഇനി മീനടത്തൊന്നും പോകണ്ട ഞാൻ പൊന്നുപോലെ നോക്കാം"

" അന്നാമ്മക്കൊച്ചമ്മ അപ്പോഴും ഉരുവിട്ടു കൊണ്ടിരുന്നു... "ആൻ്റിപ്പോർ എൽസീ, 

നാഥൻ പറഞ്ഞു, നിൻ്റെ യാത്രക്കോപ്പുമായി പുറപ്പെടാൻ''      

 ഒന്നിലും ഇടപെടാതെ അത്ഭുതപരതന്ത്രനായി നിന്ന അവുതച്ചനോട് ഷിബുപറഞ്ഞു: "അമ്മച്ചി തീരെ പാവമാ, വിശ്വാസം കൂടിപ്പോയതാ .. കാര്യം, ആർക്കും അമ്മച്ചിയെ ഒന്നും പറയാൻ പാടില്ല. അപ്പഴേ അമ്മച്ചി പടിയിറങ്ങും "ആൻ്റിപ്പോർ എൽസീ " എന്നുരുവിട്ടു കൊണ്ട്. അമ്മച്ചി തന്നെ അതിൻ്റെ അർത്ഥവും പറഞ്ഞു തന്നിട്ടുണ്ട് "യാത്രക്കോപ്പുമായി പുറപ്പെടുക".

        കുക്കിയും അവുതച്ചനും ചിരിയടക്കാൻ നന്നേ പാടുപെട്ടു. അവുതച്ചൻ പറഞ്ഞു: " എനിക്കേറ്റവും ഇഷ്ടമായത് .... എൽസീ എന്ന ആ പ്രയോഗമാണ്. ചിരിയ്ക്കാനും കരയാനും വയ്യാത്ത അവസ്ഥയിൽ ഷിബുവും രാജമ്മയും അമ്മച്ചിയെ അനുനയിപ്പിക്കാൻ വിഫലശ്രമം നടത്തി. 

 

        (തുടരും...)