My Musings: സൂക്ഷിക്കാം നിന്നെ ഞാൻ, പൊന്നു പോലെ....

My Musings: സൂക്ഷിക്കാം നിന്നെ ഞാൻ, പൊന്നു പോലെ....


ഞാനൊരു മൃഗസ്നേഹിയാണ്. അതിനു കാരണക്കാർ, എന്റെ മക്കളും.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ കറുമ്പിപ്പെണ്ണിനെ കുറിച്ചാണ് ഇന്ന്‌ ഞാൻ എഴുതുന്നത്. ഇവൾ മാത്രമല്ല, അലക്സ്‌, അലൻ എന്ന രണ്ടു നായ്ക്കുട്ടികളും...പതിനെട്ടോളം പൂച്ചകളും.. എന്റെ വീടിന്റെ അകത്തും പുറത്തുമായി ജീവിക്കുന്നുണ്ട്. കൂടാതെ, വീടിനു പുറത്തു പല ഭാഗങ്ങളിലായി ഭക്ഷണവും വെള്ളവും വെച്ചിട്ടുണ്ട്. അതുകൊണ്ട് പുറത്തു നിന്നും പൂച്ചകൾ വരാറുണ്ട്. അവരെയൊക്കെ മറ്റൊരവസരത്തിൽ പരിചയപ്പെടുത്താം.

ഇവൾ, ഈ കറുമ്പിപ്പെണ്ണ് എനിക്കു ഒത്തിരി പ്രിയങ്കരിയാണ്. കാരണം, ചില പ്രത്യേകതകൾ ഇവൾക്കുണ്ട്.

ഒരു കണ്ണില്ല. ഒരു കൈയ്യും ഇല്ലാ. പിന്നെ, നിറം "കറുപ്പ്."
കറുപ്പിന്, ഏഴഴക് എന്നാണല്ലോ. ഇവൾ സുന്ദരിയാണ്. ഇവളെ പുന്നാരിപ്പിച്ചു ഞാൻ "ചിക്കു" എന്നു വിളിക്കും. അവൾക്കു മറ്റൊരു സുന്ദരമായ പേരും ഞാൻ കൊടുത്തിട്ടുണ്ട്, "ഏയ്ഞ്ചൽ."

അതെ..അവൾ ഒരു മാലാഖയാണ്. കാരണം, ദൈവം അവളിൽ അത്ഭുതം പ്രവർത്തിച്ചതാണ്. മരണത്തിൽ നിന്നും ദൈവം അവളെ തിരികെ കൊണ്ടു വന്നു. എനിക്കായി..

ഇനി എന്റെ ചിക്കുവിന്റെ കഥയിലേക്ക് വരാം.

2016 - ലെ ഒരു വേനൽക്കാലം.

ഒരു ദിവസം രാവിലെ പത്തുമണിയോടടുത്തു ഞാനും ഫാത്തിമയും മതിലിനു അപ്പുറവും ഇപ്പുറവും നിന്നു സംസാരിക്കുന്നു. അയൽവക്കത്തെ സുഡാനി കുടുംബത്തിൽ ജോലി ചെയ്യുന്ന സ്ത്രീയാണു ഫാത്തിമ.
മെയിൻ റോഡിനരികിലാണ് ഞങ്ങളുടെ വീടുകൾ. തിരക്കേറിയ റോഡാണ്.

അങ്ങനെ ഞങ്ങൾ സംസാരിച്ചു നിൽക്കുന്ന സമയം. ഒരു പൂച്ചയെ കാർ ഇടിക്കുന്നതും, അത് റോഡിനപ്പുറത്തേക്കു തെറിച്ചു വീഴുന്നതും ഫാത്തിമ കാണാൻ ഇടയാകുന്നു.

"മാഡം, ഒരു പൂച്ചയെ കാർ ഇടിച്ചു. കറുപ്പ് കളർ ആണ്. മാഡത്തിന്റെ പൂച്ചയാണോ?" എന്റെ പൂച്ചകളെ ഫാത്തിമാക്കു അറിയാം. എനിക്കു ഒന്നു രണ്ടു കറുത്ത പൂച്ചകൾ ഉണ്ട്. കറുത്ത പൂച്ചയെ വണ്ടി ഇടിച്ചു എന്നു കേട്ടപ്പോൾ ഞാൻ പെട്ടെന്ന് വീടിന്റെ പുറകുവശത്തു പോയി എന്റെ പൂച്ചകളെ നോക്കി. എല്ലാവരും അവിടെ ഉണ്ട്. എനിക്കു ആശ്വാസമായി.

ഞാൻ തിരികെ മുൻവശത്ത് എത്തി. ഫാത്തിമയോട് വിവരം പറഞ്ഞു. എന്നാലും റോഡിൽ പോയി ഒന്നു നോക്കാമെന്നു തോന്നി. ഫാത്തിമയെ കൂടി വിളിച്ചു.

ചെന്നു നോക്കിയപ്പോൾ ഒരു കറുത്ത പൂച്ചക്കുഞ്ഞ്. കൂടി വന്നാൽ ഒരു രണ്ടു മാസം പ്രായം കാണും. അനക്കം കണ്ടില്ലാ. ചത്തു പോയെന്നു തോന്നി. ഫാത്തിമയോട് അതിനെ എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞു കളയാമെന്നു പറഞ്ഞു. ഞാൻ വീട്ടിലേക്ക് ഒരു പഴയ ടൗവ്വൽ എടുക്കാൻ വന്നു. ടൗവ്വലുമായി തിരിച്ചു ചെന്നപ്പോൾ ഫാത്തിമ പറഞ്ഞു,
"മാഡം, ഇതിനു ജീവനുണ്ട്." കയ്യിലെടുത്തു നോക്കിയപ്പോൾ ശരിയാണ്. ശ്വാസം ഉണ്ട്. കുഞ്ഞുനാവ്‌ വിറക്കുന്നു. പൂച്ചക്കുഞ്ഞിനെ ഫാത്തിമായെ ഏൽപ്പിച്ചു.

ഞാൻ വേഗം തിരികെ വീടിനകത്തു വന്നു. ഡ്രസ്സ്‌ മാറി. എന്റെ ബാഗുമെടുത്ത്, വീടും ഗേറ്റും പൂട്ടി. വണ്ടിയെടുത്തു. പൂച്ചക്കുഞ്ഞുമായി നേരെ വിട്ടു. ഡോക്ടർ പീറ്ററിന്റെ ക്ലിനിക്കിലേക്ക്.

പീറ്റർ, വെറ്റിനറി ഡോക്ടർ. സ്പെഷ്യലിസ്റ്റ് ആണ്. യൂറോപ്യൻ. 2008 മുതൽ എന്റെ പെറ്റ്സിനെ ചികിൽസിക്കുന്നത് പീറ്റർ ആണ്. എത്ര ഗുരുതരമായ അവസ്ഥയിലാണെങ്കിലും, രക്ഷപെടുത്താൻ പറ്റുമെങ്കിൽ, പീറ്റർ രക്ഷപ്പെടുത്തിയിരിക്കും. പീറ്ററിന്റെ കൈകളിൽ എന്റെ പെറ്റ്സ് സുരക്ഷിതരാണ്. അത്രക്ക് വിശ്വാസമാണ് എനിക്കു ഡോക്ടർ പീറ്ററിനെ. കക്ഷിക്ക്‌ എന്റെ മൃഗസ്നേഹം നന്നായി അറിയാം.

പെട്ടെന്നു തന്നെ ഞാൻ ക്ലിനിക്കിൽ എത്തി. പൂച്ചക്കുഞ്ഞിനെ പീറ്ററിനെ ഏൽപ്പിച്ചു. അതിനെ ഒന്നു നോക്കിയിട്ട് ഡോക്ടർ എന്നോടു പറഞ്ഞു,
"ഓമന, ഇത്‌ survive ചെയ്യില്ലാ. Hope വേണ്ട. Half dead ആണ്."

"നിങ്ങളെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യുക." - പീറ്ററിനോട് ഞാൻ അഭ്യർത്ഥിച്ചു.

പൂച്ചക്കുഞ്ഞിന്റെ മുഖം എന്നെ വല്ലാതെ വിഷമിപ്പിച്ചു. കഷ്ട്ടപ്പെട്ടു രക്ഷപെടുത്താൻ കൊണ്ടുവന്നപ്പോൾ, അത്‌ രക്ഷപെടില്ലാ...രക്ഷപെടാൻ സാധ്യതയില്ലായെന്ന് കേട്ടപ്പോൾ, എനിക്ക് സങ്കടമായി.

എന്തായാലും പൂച്ചക്കുഞ്ഞിനെ പീറ്ററിനെ ഏല്പിച്ചിട്ടു ഞാൻ വീട്ടിലെത്തി.

ദിവസവും ഞാൻ ഡോക്ടർ പീറ്ററിനെ വിളിക്കും. പൂച്ചക്കുഞ്ഞിന്റെ വിവരം തിരക്കും. "ജീവനോടെയുണ്ട്. ഒന്നും പറയാൻ പറ്റില്ലാ." - പീറ്റർ പറയും.

നാലഞ്ചു ദിവസം അങ്ങനെ കഴിഞ്ഞു കാണും. ഒരു രാത്രി പീറ്റർ എനിക്ക് മെസ്സേജ് ചെയ്തു. "ഓമന, അത്ഭുതങ്ങൾ സംഭവിക്കാം. നിന്റെ പൂച്ചക്കുട്ടി രക്ഷപെട്ടു. ഭക്ഷണം കഴിക്കാൻ തുടങ്ങി."

പീറ്ററിന്റെ വാക്കുകൾ വിശ്വസിക്കാൻ എനിക്കല്പം സമയം എടുത്തു. സർവ്വശക്തനായ ദൈവം വിചാരിച്ചാൽ, അത്ഭുതങ്ങൾ മനുഷ്യരിൽ മാത്രമല്ലാ, മൃഗങ്ങളിലും നടക്കുമെന്ന് അന്നെനിക്ക് മനസ്സിലായി.

പിറ്റേദിവസം രാവിലെ ഞാൻ ക്ലിനിക്കിൽ എത്തി. ആ കുഞ്ഞു കറുമ്പിയെ കണ്ടു. പക്ഷെ, അപകടത്തിൽ അവളുടെ ഒരു കൈയ്യും, ഒരു കണ്ണും നഷ്ട്ടപ്പെട്ടു. ഒരാഴ്ച കൂടി അവളെ ഞാൻ അവിടെ ഏൽപ്പിച്ചു. അതിനു ശേഷം അവളെ വീട്ടിൽ കൊണ്ടു വന്നു.

എന്റെ ഓഫീസ് റൂം ഞാൻ അവൾക്കു കൊടുത്തു. അവൾ അവിടെ വളർന്നു. ഇപ്പോൾ നാലു വയസ്സുണ്ട്. മിടുക്കിയാണ്. പകൽ സമയം കുറച്ചു നേരം ഞാൻ അവളെ പുറത്തു വിടും. മറ്റു പൂച്ചകൾ വഴക്കിനു ചെന്നാൽ അവൾ രാക്ഷസിയാകും. അതുകൊണ്ട്, അവളുടെ അടുത്ത് ആരും അടുക്കില്ല. രാത്രി അവളെ ഞാൻ പുറത്ത് വിടില്ലാ. അവളുടെ സുരക്ഷ ഓർത്താണ്.

Angel, അതെ, ഇവളെന്റെ മാലാഖയാണ്. ഇവളുടെ മുഖത്ത് ഞാൻ നോക്കുമ്പോൾ, ആ ഒറ്റക്കണ്ണു കൊണ്ട് അവളെന്നെ നോക്കുമ്പോൾ, ഞാൻ അവളോട് പറയാറുണ്ട്, "സൂക്ഷിക്കാം നിന്നെ ഞാൻ, പൊന്നു പോലെ."

 - ഓമന ജോൺ
annalamannil.com