ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക് പോര് ; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടി വരും

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക് പോര് ; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടി വരും

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറിനും എസ്. ശ്രീശാന്തിനുമെതിരെ നടപടിയുണ്ടാകും.

സംഭവത്തില്‍ വിശദീകരണം തേടി മലയാളി താരം ശ്രീശാന്തിന് ലെജൻഡ്സ് ലീഗ് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ കാപിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ 'വാതുവെപ്പുകാരൻ' എന്ന് വിളിച്ചെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ലീഗിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും നിയമ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. വിഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും ഇതില്‍ മുന്നറിയിപ്പുണ്ട്.

ആഭ്യന്തര അന്വേഷണം നടത്തുമെന്നും മോശം പെരുമാറ്റം തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് അധികൃതര്‍ അറിയിച്ചു. 'ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെയും സ്‌പോര്‍ട്‌സ്‌മാൻഷിപ്പിന്റെയും സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച്‌ ആഭ്യന്തര അന്വേഷണം നടത്തും. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഗ്രൗണ്ടിനകത്തും പുറത്തും നടക്കുന്ന ഏതൊരു മോശം പെരുമാറ്റവും കര്‍ശനമായി നേരിടും. ലീഗിനും കളിയുടെ സ്പിരിറ്റിനും അവര്‍ പ്രതിനിധീകരിക്കുന്ന ടീമുകള്‍ക്കും അപകീര്‍ത്തി വരുത്തുന്ന കളിക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്' -ലെജൻഡ്സ് ലീഗ് അച്ചടക്ക സമിതി ചെയര്‍മാൻ സെയ്ദ് കിര്‍മാനി പറഞ്ഞു.

ഇന്ത്യൻ കാപിറ്റല്‍സ് താരമായ ഗംഭീറും ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്തും മത്സരത്തിനിടെയാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഫോറും സിക്‌സറും നേടിയതോടെയാണ് ഇരുവരും ഉരസിയത്. ശ്രീശാന്ത് ആദ്യം ഗംഭീറിനെ രൂക്ഷമായി നോക്കുന്നതും പിന്നാലെ ഗംഭീര്‍

തിരിച്ചു നോക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍, ആരാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമല്ല. അമ്ബയര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തില്‍ അമ്ബയര്‍മാരും ലെജന്‍ഡ്സ് ലീഗ് അധികൃതര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് ആരോപിച്ചപോലെ ഗംഭീര്‍ മത്സരത്തിനിടെ 'വാതുവെപ്പുകാരൻ' എന്നു വളിച്ചതായി പറയുന്നില്ല. അമ്ബയര്‍മാരെയും ഗംഭീര്‍ അധിക്ഷേപിച്ചെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. മത്സരശേഷമാണ് ഗംഭീര്‍ തന്നെ 'വാതുവെപ്പുകാരൻ' എന്ന് വിളിച്ച്‌ അപമാനിച്ചെന്ന് വ്യക്തമാക്കി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ 'ശ്രദ്ധ നേടാനുള്ള ശ്രമം' എന്നായിരുന്നു ഗംഭീറിന്റെ മറുപടി. ഈ മറുപടിക്ക് താഴെ ഗംഭീറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തി.