തിയേറ്റർ കഥകൾ : Mary Alex (മണിയ)

തിയേറ്റർ കഥകൾ :  Mary Alex (മണിയ)

വളരെ പഴക്കമുള്ള ഒരു തിയേറ്റർ.
തീയേറ്റർ എന്ന് അതിനെ വിളിക്കാൻ പറ്റുമോ എന്നറിഞ്ഞുകൂടാ. ഓല മേഞ്ഞ ഒരു ഷെഡ്. സിനിമ കൊട്ടക എന്നാണ് പറയാറ്. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യകാല തീയേറ്റർ. അന്നു ഞങ്ങൾ കുട്ടികളാണ് .

സിനിമ കാണാൻ നിർബന്ധം  പിടിക്കുമ്പോൾ  അമ്മച്ചി (അമ്മ)  ഓരോ ചൂൽ എടുത്തു കയ്യിൽ തരും. എന്നിട്ട് പറയും  ''പറമ്പ് നിറച്ചും കരിയിലയാ. അടിച്ചു കൂട്ട്, അവൻ തീയിട്ടോളും''.  അവൻ എന്ന് ഉദ്ദേശിക്കുന്നത് ഞങ്ങളുടെ നേരെ മൂത്ത സഹോദരനെയാണ്. ഒരു പാട്ട ചാരത്തിനുഇത്ര പൈസ. ഒരു മലപോലെ കരിയില കൂട്ടി കത്തിച്ചാലും കിട്ടുന്നതോ ഒരു പിടി ചാരം . 'ഇഴ ജന്തുക്കൾ ഒഴിഞ്ഞുപോകും, പറമ്പ്  വൃത്തിയായി കിടന്നാ'ലെന്ന് അമ്മച്ചി പറയും .

അതു മാത്രമല്ല അമ്മച്ചിയുടെ ഉദ്ദേശം .കുരുമുളകു കൊടികളിൽ തിരി മൂത്തുവരുന്നസമയം. താഴെ വീണാൽ പെറുക്കാമല്ലോ അതും ഞങ്ങളെക്കൊണ്ട് ചെയ്യിക്കാം. കുരുമുളകു പെറുക്കി ഓരോരുത്തരുടെയും വെവ്വേറെ ചാക്കിൽ നിരത്തി വാട്ടി തിരിയിൽ നിന്ന് അടർത്തി ഉണങ്ങിയെടുത്തു കൊടുക്കുന്നതിനു ഒരളവിന് ഇത്ര പൈസ എന്നതാണ് കണക്ക്  . എത്ര ശ്രമിച്ചാലും ഒരു കിലോ ആക്കാനൊക്കില്ല. തെറ്റി, അന്നൊക്കെ റാത്തലായിരുന്നു. പലരല്ലേ പെറുക്കുന്നത്. ഞങ്ങൾ മൂന്നു പേർ. സിനിമക്ക് കൊണ്ടു പോകാനുള്ള ആൾക്കും ഞങ്ങൾ പണം കണ്ടെത്തണം. മാത്രമല്ല അമ്മച്ചിക്ക് ആളെ അത്ര വിശ്വാസം പോരാ. ചാടിയോ തല്ലിയോ കുരുമുളക് പറിച്ചുകളയും.
ഓരോരുത്തർക്കും എന്തു കിട്ടാൻ. എന്നാലും കിട്ടുന്ന കാശ്, അന്ന്  അണ, എണ്ണി തിട്ടപ്പെടുത്തും. ഐക്യമത്യം മഹാബലം എന്നല്ലേ. സിനിമ കാണാൻ വേറെ മാർഗ്ഗവും ഇല്ലല്ലോ. അപ്പച്ചന്റെ ഒറ്റ ശമ്പളം. രണ്ട് അടുക്കള- ഒന്ന് തോട്ടത്തിൽ അപ്പച്ചന്റെ ജോലി സ്ഥലത്ത്,ഒരു പയ്യൻ വച്ചു കൊടുക്കാൻ. വേറെ ഒരെണ്ണം   ഇവിടെ  പാമ്പാടിയിൽ. പിള്ളേരുടെ പഠനം ,പിന്നെ മക്കളുടെ പഠനചിലവുകൾ. അവർക്കുള്ള ഡ്രസ്സ്‌. യൂണിഫോം, പുറത്തിടാനും വീട്ടിൽ ഇടാനും വേറെ. അതുകൊണ്ട് നല്ലവ ഓരോരുത്തരുടെയും ബർത്ത്ഡേയിൽ മാത്രം സമ്മാനമായി ലഭിക്കും. പഴയ കാലം. എട്ടു മക്കളും അമ്മച്ചിയും ഒരിടത്തും, അപ്പച്ചൻ മാത്രം ജോലിസ്ഥലത്തും.


         ഇന്നും ഓർക്കുന്നു ആ സിനിമാകാഴ്ച. ആദ്യമായി സ്വന്തം കാശുകൊണ്ട് കാണുന്നതിന്റെ ത്രിൽ. എന്റെ നേരെ മുകളിലുള്ള സഹോദരന്റെ നേതൃത്വം. ഞങ്ങൾ മൂന്നു കൊച്ചനുജത്തിമാർ. മൂത്തവർ പഠിക്കാൻ പുറത്തുപോയി കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന കാശ് വച്ചുനീട്ടി ടിക്കറ്റ്‌ എടുത്തു. ഞങ്ങൾ തീയേറ്ററിനുള്ളിൽ കടന്നു, അവർ ഇരുത്തിയ സീറ്റുകളിൽ ഇരുന്നു. സിനിമ തുടങ്ങാൻ അൽപ്പ  സമയം കൂടി. ചേട്ടൻ പുറകിലേക്ക് തിരിഞ്ഞുനോക്കുന്നത് കണ്ടു. "വാ "എന്നുപറഞ്ഞ് എഴുന്നേറ്റു. ഞങ്ങൾ, അനുയായികളായി പുറകെ. പിന്നോട്ടു നടന്നപ്പോൾ വേലി കെട്ടി തിരിച്ചിരിക്കുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാത്ത പ്രായം. ഓരോരുത്തരായി കടമ്പ കടന്ന് മുന്നോട്ട്. വീണ്ടും കടമ്പ. അതും കടന്ന് ഒഴിഞ്ഞുകിടന്ന നല്ല കുഷ്യൻ ഇട്ട സീറ്റുകളിൽ ഇരുപ്പുറപ്പിച്ചു. ഞങ്ങൾ വളരെ ആസ്വദിച്ച്‌ സിനിമ കണ്ടു.

ഇന്റർവെല്ലിന്റെ സമയത്ത് തിയേറ്റർ ജോലിക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നി. സിനിമ തീർന്ന്
ഞങ്ങൾ പുറത്തിറങ്ങി. ഇരുട്ടുവീഴുന്നതിനു മുൻപേ വീടെത്തണം. അമ്മച്ചി പ്രത്യേകം പറഞ്ഞിരുന്നു. തീയേറ്ററിന്റ ഗേറ്റ് കടന്നില്ല, ഞങ്ങളുടെ മുൻപിൽ ആജാനുബാഹുവായ ഒരാൾ.
"മക്കളിങ്ങു വന്നേ."ഞങ്ങൾ പുറകെ ചെന്നു. ഒരാൾ ഞങ്ങൾക്ക് ഓരോ ഗ്ലാസ്‌ നാരങ്ങാവെള്ളം തന്നു . "അയ്യോ വേണ്ട "
ഞങ്ങളുടെ കയ്യിൽ അതിനുള്ള പണം ഇല്ലായിരുന്നു. "ഇതു ഞങ്ങളുടെ വക, കുടിച്ചോ! ഇനി ഒരു കാര്യം. നിങ്ങൾ ഇന്നു കാണിച്ചപോലെ ഇനി ഒരിക്കലും കാണിക്കരുത്, നിങ്ങൾ എടുത്ത ടിക്കറ്റിന്റെ സീറ്റിലെ നിങ്ങൾ ഇരിക്കാവു, നിങ്ങളെ അറിയാവുന്നതുകൊണ്ട് തിരിച്ചുകൊണ്ടുവന്നിരുത്തിയില്ല. അല്ലെങ്കിൽ പോലീസിനെ വിളിക്കേണ്ട കേസാ. ഇനി മക്കള് പൊക്കോ. "തോളത്തു തട്ടി അദ്ദേഹം ഞങ്ങളെ ഗേറ്റിനു പുറത്തെത്തിച്ചു. നേരെ എതിർ വശത്തു
പോലീസ് സ്റ്റേഷൻ ആണ്. ജീവിതത്തിൽ
ഒരിക്കലും പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത മാതാപിതാക്കൾ.  അവരെ ഞങ്ങൾ,മക്കളായിട്ട് കയറ്റണോ?വേണ്ട.....
ഒരിക്കലും......

തുടരും