തീവണ്ടി: കവിത, മിനി സുരേഷ്

തീവണ്ടി: കവിത, മിനി സുരേഷ്

പേടിച്ചരണ്ട 

മുഖത്തോടെയാണ്

താവളത്തിലൊരു 

തീവണ്ടിയെത്തുന്നത്.

 

പരിഭവത്തിന്റെ, 

മടുപ്പിന്റെ

കാത്തിരിപ്പിന്റെ,

അസ്വസ്ഥമുഖങ്ങളെ

നേരിടാനാവാതെ

സംഭ്രാന്തി ഒഴിയാതെ

ചൂളം വിളിയോടെ

 

ആരവങ്ങളിൽ

കോലാഹലങ്ങളിൽ

കിതപ്പോടെ ഒടുവിൽ

വന്നു നിശ്വസിക്കുന്നു

 

ആരോ വരച്ചിട്ട

ദിശാ ബോധങ്ങളിൽ

പ്രയാണം തുടരുവാൻ

ഏകാന്തമായി

സമാന്തരങ്ങളിലൂടെ

വിശ്വാസത്തിൻ

വിശ്വാസങ്ങളുമായി

ഓട്ടക്കാരന്റെ മനസ്സോടെ

ചലിക്കുമ്പോൾ.

 

തിരസ്കാരങ്ങളുടെ

പ്രണയ നിഷേധങ്ങളുടെ

അസ്തിത്വ വേദനകളിൽ,

ഓർമ്മകളുടെ ശൈഥില്യങ്ങളെ

മഥിക്കുന്ന നഷ്ടനൊമ്പരങ്ങളെ

വിസ്മൃതിയിലാക്കാനാവാതെ

നെഞ്ചിലെ നോവുമായ് കൂടെ

കൂട്ടുപോകുന്നൊരുപാടാത്മാക്കൾ.

 

അവഗണനയുടെ

ഓർമ്മപ്പെടുത്തലുകളുമായി

കടന്നു പോകുന്നവനെ

കാത്തു കിടക്കുമ്പോൾ

ക്ഷമയുടെ പാഠം ചൊല്ലി

ലക്ഷ്യബോധങ്ങളിൽ

പ്രതീക്ഷകളിലേക്ക് വീണ്ടും

ചലിക്കാനൊരുങ്ങുന്ന ജാഗ്രത.

 

കത്തിജ്‌ജ്വലിക്കുന്ന വേനലിൽ

തോരാമഴയിൽ

നിലാവുള്ള രാത്രികളിൽ

കൃത്യമായി വരച്ചിട്ട

നേർരേഖകളിൽ

തുടരുന്ന യാത്രകൾ.

അനന്തതയിലേക്കുള്ള

ദീർഘയാനം .. 

മിനി സുരേഷ്