തുറന്നിട്ട ജാലകങ്ങള്‍: കഥ, മണിയ

തുറന്നിട്ട ജാലകങ്ങള്‍:  കഥ, മണിയ

 


മുകളിലത്തെ നിലയിലെ ഈ മുറി എന്നും എനിക്കു
ഹരമായിരുന്നു. ഞാന്‍ പഠിക്കാനും ഉറങ്ങാനുമൊക്കെയായി
ഉപയോഗിച്ചിരുന്ന എന്റെ മുറി. മറ്റുള്ളവര്‍ക്ക്‌ ഒരു ശല്യവുമില്ലാതെ
ഒതുങ്ങിയ ഒരു മുറി. രാത്രിയില്‍ ലൈറ്റിട്ടിരുന്നാലും വാതില്‍ അടച്ചു
കിടന്നാല്‍ അതിനുള്ളില്‍ ഇരുട്ടൊ വെളിച്ചമൊ എന്ന്‌ ആരും
തിരിച്ചറിയുകയില്ല. പുറത്തെ ജനാലയിലെ ഷട്ടര്‍ ഇട്ടിരുന്നാല്‍
പുറത്തുള്ളവരും .
എത്ര വര്‍ഷം കൂടിയാണ്‌ താനീ വീ ട്ടില്‍ എത്തുന്നത്‌.
കുടുംബമായി കുട്ടിക ളായി വിദേശത്തു പാര്‍പ്പു തുടങ്ങിയിട്ട്‌ ഒന്നൊ
രണ്ടൊ വട്ടമാണ്‌ ഒരുമിച്ചു വരാന്‍ സാദ്ധ്യമായിട്ടുള്ളത്‌. വിദേശിയായ
ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഈ നാട്‌ ഇഷ്ടമാണ്‌. പക്ഷെ ഇവിടത്തെ
പ്രാണികള്‍, ഭക്ഷണ രീതി, ചൂട്‌, മാറി മാറി വരുന്ന ക്ലൈമറ്റ്‌ ഒന്നും
അവരുടെ ശരീരപ്രകൃതിക്കിണങ്ങാത്തവയാ യിരുന്നു. കുട്ടികള്‍ക്കാണെങ്കില്‍
നാട്‌ കാണണം ,നഗരങ്ങള്‍ കാണണം അവധി കഴിഞ്ഞു ചെല്ലുമ്പോള്‍
ഹോളിഡേ അസൈന്‍മെന്‍റ്‌ സബ്‌മിറ്റ്‌ ചെയ്യണം. അതുകൊണ്ടവര്‍
വീട്ടിലിരിക്കാന്‍ സമ്മതിക്കയില്ല. എല്ലാവര്‍ഷവും നാട്ടില്‍ വരാനും. പല പല
രാജ്യങ്ങളില്‍ പോയാലെ പുതിയ പുതിയ അസൈന്‍ മെന്‍റസ്‌ സബ്‌മിറ്റ്‌
ചെയ്യാനാകു എന്ന്‌.
വീട്ടിലുള്ളവരാണെങ്കിലോ എപ്പോഴും ഒപ്പമൊപ്പം നില്‍ക്കണം.
വിശേഷങ്ങള്‍ പങ്കു വയ്‌ക്കണം അവിടത്തേയും ഇവിടത്തേയും.
മുതിര്‍ന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കണം കൊണ്ടുവന്നതില്‍ പങ്കു
എത്തിക്കണം , കണ്ടു കാഴ്‌ച കൊടുക്കണം പുതുതായി വിവാഹം
കഴിച്ചെത്തിയവര്‍ക്ക്‌ സമ്മാന ങ്ങള്‍ നല്‍കണം അതു പോലെ ജനിച്ച
കുഞ്ഞുങ്ങള്‍ക്കും . അതോ സ്വര്‍ണ്ണത്തില്‍ കുറഞ്ഞ സമ്മാനങ്ങള്‍ പാടില്ല
താനും. അതില്ലെങ്കില്‍ അതു വാങ്ങാനുള്ള പണം. പ്രവാസിയല്ലേ
കുറയ്‌ക്കാനാവില്ലല്ലൊ.
ഒന്നൊന്നായി ഇഷ്ടവിഭവങ്ങള്‍ ഉണ്ടാ ക്കി നിരത്തുകയാണ്‌
അമ്മമാരുടേയും അപ്പച്ചിമാരുടേയും കാഴ്‌ചപ്പാട്‌. കുടുംബ ങ്ങളിലെ
തലമുതിര്‍ന്നവര്‍ക്കാണെങ്കില്‍ സ്വത്തു ഭാഗം വയ്‌ക്കുന്ന കാര്യങ്ങളായി
രിക്കും ചര്‍ച്ച ചെയ്യാനുണ്ടാവുക. ഭാര്യയും കുട്ടികളും വന്നു താമസിക്കാന്‍
കൂട്ടാക്കാത്ത ഈ നാട്ടിലേക്ക്‌ താന്‍ മാത്രമെങ്ങനെ ഒറ്റയ്‌ക്കു മടങ്ങിവരാന്‍?
വിദേശരാജ്യങ്ങ ളില്‍ പോകുന്നവര്‍ക്കെല്ലാം വന്നു ഭവിക്കുന്ന
ദുരവസ്ഥകളാണിവയൊക്കെ. തനിക്കു വേണ്ട ഇവിടത്തെ വസ്‌തു വകകള്‍

എന്നു പറഞ്ഞൊഴിയാന്‍ നോക്കിയെങ്കിലും അച്ഛന്‍ കൂട്ടാക്കിയില്ല. അതു
പറ്റില്ല നീ വന്നേ ഒക്കു എന്നായി. അങ്ങനെയാണ്‌ താന്‍ മാത്രമാ യൊരു
വരവുണ്ടായത്‌.
ജാലകത്തിന്നരികിലേക്കു നീങ്ങി. എന്നോ ഒരിക്കല്‍ കൊട്ടിയടച്ച
ജനാലകള്‍. അല്‌പം കാറ്റും വെളിച്ചവും കടക്കട്ടെ അതു തുറന്ന്‌
പുറത്തേക്കു നോക്കി. താഴത്തെ വീടും പരിസരവും കണ്ണില്‍ പെട്ടു. വലതു
വശത്തെ മുറിയും ജനാലയും. ജനാലക്കരികില്‍ ഇരുന്നു പഠിക്കുന്ന
പെണ്‍കുട്ടി. വര്‍ഷങ്ങള്‍ പിന്നിലേക്കു മനസ്സു പാഞ്ഞു. അവളന്ന്‌ എസ്‌ എസ്‌
എല്‍ സി. താന്‍ പ്ലസ്‌ ടുവിനും. ഒരുമിച്ച്‌ പട്ടണത്തിലേക്കു ബസ്സ്‌ കയറുന്നു
തിരിച്ചും അതു പോലെ. പഠനം മാത്രം വെവ്വേറെ സ്ഥാപനങ്ങളില്‍, ഒരാള്‍
ഗേള്‍സിനുള്ളതും അടുത്ത ആളിന്‌ ആണ്‍കുട്ടികള്‍ക്കു മാത്രമായതും.
അയല്‍പക്കമായിരുന്നെങ്കിലും രണ്ടു സമുദായക്കാര്‍. അമ്മമാര്‍ തമ്മില്‍ ചില
കൊടുക്കല്‍ വാങ്ങലുകള്‍ , അച്ഛന്മാര്‍ തമ്മില്‍ നല്ല സൗഹൃദവും. പക്ഷെ
മക്കള്‍ക്കിടയില്‍ അത്ര വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഒരിടത്തു്‌ രണ്ടു
പെണ്‍കുട്ടികള്‍ മറ്റിടത്തൊ രണ്ടാണും. രണ്ടിടത്തും ഓരോരുത്തര്‍
ആണ്‍കുട്ടികള്‍ ആയിരുന്നാല്‍ അതു വഴി സൗഹൃദം വളര്‍ന്നേനെ .
അങ്ങനെ ഒന്നുണ്ടായില്ല. അതു കൊണ്ടുതന്നെ മക്കള്‍ക്കിടയില്‍ സൗഹൃദങ്ങള്‍
ഉണ്ടായില്ല.
പ്ലസ്‌ ടു കഴിഞ്ഞു. താന്‍ സംസ്ഥാനം വിട്ട്‌ അകലെ ഒരു
പട്ടണത്തില്‍ ബി ഇ ക്കു ചേര്‍ന്നു. എന്തിനു വെറുതെ ഡിഗ്രിക്കു ചേരണം?
കോഴ്‌സ്‌ തിരിഞ്ഞു പോയാല്‍ ഡിഗ്രിയും കിട്ടും പുറകെ ജോലിയും.
ഇപ്പോള്‍ എല്ലാവരും അതാണ്‌ പ്രിഫര്‍ ചെയ്യുന്നതും .അദ്ധ്യാപകരാകാന്‍
ഇഷ്ടമുള്ളവര്‍ മാത്രം ഡിഗ്രിയും പുറകെ ബി എഡൊ പി ജിയൊ എടുക്കും
ചുരുക്കം ചിലര്‍ പി എച്ച്‌ ഡി യും കരസ്ഥമാക്കും.
മൂന്നാം വര്‍ഷം .അടുത്ത വീട്ടിലെ പെണ്‍കുട്ടിക്കും താന്‍
പഠിക്കുന്ന നഗര ത്തിലേക്കു വരണം. നേഴ്‌സിംഗിനു ചേരാന്‍. ഇഷ്ടം പോലെ
പ്രഫഷണല്‍ കോളേജുകള്‍ ഉള്ള നഗരം .മാതാപിതാക്കള്‍ നോക്കിയ പ്പോള്‍
പെണ്‍കുട്ടിക്കു കൂട്ടായി താനുണ്ടല്ലൊ . താനാണെങ്കില്‍ രണ്ടു മൂന്നു
വര്‍ഷമായി ആ നഗരവുമായി അടുത്ത ബന്ധവും. തനിക്കും അതൊരു
അഭിമാനമായി തോന്നി. മാതാപിതാക്കള്‍ കുട്ടിയുമായി എത്തിയ പ്പോള്‍
എല്ലാറ്റിനും കൂട്ടായി താന്‍നിന്നു.ലോ ക്കല്‍ ഗാര്‍ഡിയനായി തന്റെ പേരും
രജി സ്റ്ററില്‍ ചേര്‍ക്കപ്പെട്ടു. എല്ലാം ശുഭം. ക്ലാസ്സ്‌ തുടങ്ങാന്‍ രണ്ടു
ദിവസമുണ്ട്‌ ആ രണ്ടു ദിവസം മാതാപിതാക്കളും അനുജത്തിയും പുറത്തു
താമസിച്ച്‌ മകളെയും കൂട്ടി പട്ടണത്തില്‍ കറങ്ങി. തിരികെ വണ്ടിയില്‍
കയറ്റുന്നതു വരെ താനും ഒപ്പം നിന്നു ക്ലാസ്സുകളഞ്ഞിട്ടായാലും, അതൊരാ
വശ്യവും അവര്‍ പ്രതീക്ഷിക്കുന്നതും അതു തന്നെ ആയിരുന്നു.

ദിവസങ്ങളും മാസങ്ങളും മുന്നോട്ടു പോയി. ഒരുമിച്ച്‌
നാട്ടിലെത്തുന്നു തിരികെ പോകുന്നു. അവള്‍ ഏകദേശം ആ പട്ടണ ത്തിലെ
സ്ഥലങ്ങളും വഴികളും മനസ്സി ലാക്കി ,തനിയെ വരാനും തിരികെ
പോകാനും പരിജ്ഞാനം നേടി .എങ്കിലും താന്‍ പലപ്പോഴും അവളെ
അന്വേഷിച്ച്‌ അവളുടെ കോളേജില്‍ ചെന്നു. ചിലപ്പോള്‍ ഹോസ്റ്റലിലും .ഒരു
ദിവസം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവളുടെ റൂം മേറ്റ്‌ പറഞ്ഞു. അവള്‍
പുറത്തു പോയി എന്ന്‌ . എവിടെ എന്നു ചോദിച്ചു കാരണം താന്‍
അവളുടെ ലോക്കല്‍ ഗാര്‍ഡിയനാണ്‌. അവള്‍ക്കറിയില്ല പോലും . പിന്നെ
പല തവണ താന്‍ അവളെ അന്വേഷിച്ചു കടന്നുചെന്നു. അപ്പോഴൊക്കെ റൂം
മേറ്റ്‌ പറയുന്നത്‌ ഒന്നു മാത്രം .അവള്‍ പുറത്ത്‌ പോയി . ആരോടൊപ്പം
എന്നു ചോദിച്ചാല്‍ അവള്‍ക്കറിയില്ല, എവിടെ എന്നു ചോദിച്ചാല്‍
അവള്‍ക്കറിയില്ല. കൂട്ടുകാരോടൊപ്പം എന്ന്‌ ഒരിക്കല്‍ പോലും അവള്‍
പറഞ്ഞതുമില്ല. ഒരിക്കല്‍ക്കൂടി താന്‍ അവളെ കോളേജിന്റെ ഉള്‍ത്തള
ത്തില്‍ കാത്തു നിന്നു കണ്ടു. വന്നു വന്ന്‌ ഇവിടെയും എത്തിത്തുടങ്ങിയൊ?
അത്രമേല്‍ സ്വാതന്ത്ര്യം ഒന്നും തനിക്കില്ല. ഇനി എന്നെ അന്വേഷിച്ച്‌
ഇവിടെയൊ ഹോസ്റ്റലിലൊ വന്നേക്കരുത്‌. അതായിരുന്നു അവളുടെ
പ്രതികരണം.അതു തനിക്കേറ്റ ഒരടിയായിരുന്നു. പക്ഷെ താന്‍ ഒന്നു ചെയ്‌തു
അവളുടെ വീട്ടില്‍ അറിയിച്ചു . അറിയിക്കാതെ വയ്യല്ലൊ നാളെ ഒരു
ചോദ്യമുണ്ടായാല്‍ അവര്‍ക്ക്‌ അതില്‍ അത്ഭുതം ഒന്നും തോന്നിയില്ല.
കുഴപ്പമില്ല,അവള്‍ സ്വയം പര്യാപ്‌തത നേടട്ടെ. തന്നെയല്ല എപ്പോഴും
അങ്ങനെ അന്വേഷിച്ചു ചെല്ലേണ്ട ആവശ്യവും ഇല്ലല്ലൊ. പിന്നെ താനവളെ
അന്വേഷിക്കാ നൊ ഒരുമിച്ച്‌ നാട്ടിലേക്കു പോകാനൊ കൂട്ടാക്കിയില്ല.എന്തിന്‌?
ഒരിക്കല്‍ ഒരു ഫോണ്‍ വന്നു. ഇവി ടെ , സ്ഥലത്തിന്റെ
പേരു പറഞ്ഞു , താന്‍ പോലീസ്‌ സ്റ്റേഷന്‍ വരെ വരണം .എന്താ സാര്‍ ,
എന്താ കാര്യം എന്റെ പേരില്‍ കേ സോ പരാതിയൊ ഒന്നും ഇല്ലല്ലൊ
പിന്നെ ? താന്‍ വരൂ. വരുമ്പോള്‍ പറയാം. പിന്നെ നെട്ടോട്ടമായിരുന്നു,
സ്റ്റേഷനില്‍ എത്തിയപ്പോഴാണ്‌, ഒരു ബോഡി കിട്ടിയിട്ടുണ്ട്‌ ഐഡന്‍റിഫൈ
ചെയ്യണം. ടേക്ക്‌ ഓവര്‍ ചെയ്യണം. അതായിരുന്നു ആവശ്യം . ഒന്നേ
നോക്കിയുള്ളു സംശ യമൊന്നുമില്ല. അവളുടെ റൂം മേറ്റും ഒന്നുരണ്ടു
സഹപാഠികളും മുറ്റത്തു നിന്ന്‌ മാറി ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്നതു
കണ്ടു.പിന്നീട്‌ കാര്യങ്ങളെല്ലാം മുറ പോലെ നടന്നു. കാണിച്ച കടലാസ്സുകളില്‍
ഒപ്പുവച്ചു .തന്റെ ഐഡന്റിറ്റിയും വേണ്ട കടലാസ്സുകളും കാണിച്ചു
അവര്‍ ഫോട്ടോയെടുത്ത്‌ അവരുടെ റെക്കോര്‍ഡില്‍ സൂക്ഷിച്ചു. ആംബുലന്‍സ്‌
വന്നു ബോഡി പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേ ക്കയച്ചു.

ഇനിയുള്ളതായിരുന്നു പ്രശ്‌നങ്ങള്‍ . വീ ട്ടില്‍ അറിയിക്കണം.
എങ്ങനെ? എന്തു പറഞ്ഞ്‌? ഏതായാലും സ്വന്തം വീട്ടില്‍ വിളിച്ച്‌
അച്ഛനോടു പറഞ്ഞു.അച്ഛന്‍ അമ്മയോട്‌.
ഒന്നും ഒളിച്ചു വയ്‌ക്കാനാവില്ലല്ലൊ. കുറച്ച്‌ പൈസ കരുതണം അവരുടെ
വീട്ടില്‍ അച്ഛന്‍ വേണം ഒരു താങ്ങായി. ഞാന്‍ ഇവിടെയുള്ള കാര്യങ്ങള്‍
നോക്കി അങ്ങെത്തി ക്കൊള്ളാം.ഒരു ഇരുപതുകാരന്റെ അവസ്ഥ ഒന്നോര്‍ത്തു
നോക്കുക . കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കനകക്കട്ട കൈ വിട്ട്‌ .... പട്ടം
പോലെ എന്ന സിനിമയിലെ ഉള്ളു തുറക്കാത്ത കമിതാക്കളായി മാറാ
മായിരുന്ന യുവതീയുവാക്കള്‍....... മോര്‍ച്ചറിയില്‍ നിന്ന്‌ ഫോര്‍മാലിറ്റീസ്‌
എല്ലാം തീര്‍ത്ത്‌ ബോഡി ഏറ്റുവാങ്ങുമ്പോള്‍ ഒരു സമയമായി.
അന്തിപത്രത്തിലും ന്യൂസിലും എല്ലാം വിശദമായി വെളിപ്പെടുത്തിയിരുന്നു.
കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടി. നേഴ്‌സിംഗ്‌
വിദ്യാര്‍ത്ഥിനി. ജഢം ലഭിച്ചത്‌ നഗരാതിര്‍ത്തിയി ലുള്ള കുറ്റിക്കാട്ടില്‍ നിന്ന്‌
.ഇപ്പോള്‍ ഫേസ്‌ ബുക്കിലും വാട്ട്‌സ്‌ ആപ്പിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും
വന്നു കഴിഞ്ഞു. ഇനി ആരും ആരെയും അറിയിക്കേണ്ടതില്ല. ഫോട്ടോ
സഹിതം ഉണ്ട്‌.
ആ ആശുപത്രിയില്‍ തന്നെ ബോഡി വേണ്ട വിധത്തില്‍ ക്ലീന്‍
ചെയ്‌ത്‌ ഡ്രസ്സ്‌ ചെയ്‌ത്‌ തരാനും ആംബുലന്‍സിനും ഏര്‍ പ്പാടാക്കി. റൂം
മേറ്റും സഹപാഠികളും അവ രുടെ ഹോസ്റ്റലില്‍ പോയി പെര്‍മിഷന്‍ വാ
ങ്ങാനും അവരുടെ യാതക്കുള്ള കരുത ലിനും അവള്‍ക്കു ധരിക്കാനുള്ള
ഡ്രസ്സ്‌ എടുക്കാനും. അവര്‍ കൂടി സഹകരിച്ച്‌ അവളെ ഒരുക്കി. അവസാന
ഒരുക്കം. ഇതിനായിരുന്നൊ മാതാപിതാക്കള്‍ അവളെ ഇവിടെ പഠിക്കാന്‍
ചേര്‍ത്തത്‌? ഇതിനായി രുന്നൊ അവര്‍ തന്നെ അവളെ നോക്കാന്‍
ഏല്‍പ്പിച്ചത്‌?
വിളിച്ചു വരുത്തിയ സഹപാഠിയോ ടൊപ്പം കാറില്‍
ആംബുലന്‍സിനെ അനു ഗമിച്ചു. അവളുടെ റൂം മേറ്റും രണ്ടു സഹ
പാഠികളും പിന്‍സീറ്റില്‍. അവരുടെ സംഭാ ഷണത്തില്‍ നിന്നും ചിലതൊക്കെ
മനസ്സി ലായി. ഒരു സീനിയര്‍ സ്റ്റുഡന്‍റുമായി അല്‌പം വഴി വിട്ട
പോക്കായിരുന്നു അവള്‍ക്കെന്ന്‌. അവനിലൂടെ ആയിരിക്കണം പലരും.
ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍. ഒപ്പം അവളുടെ പിടിപ്പുകേടും . വീട്ടില്‍
നിന്ന്‌ അയക്കുന്ന പണം തികയാതെ വന്നപ്പോള്‍ പുതിയ ഫ്രണ്ടിനോട്‌
ചോദിച്ചതിന്റെ ഭവിഷ്യത്ത്‌.തന്നോട്‌ ചോദിച്ചാല്‍ മതിയായിരുന്നു.
തനിക്കവിടെ ഏതെല്ലാം രീതിയില്‍ പരിചയക്കാരുണ്ട്‌. പണം അഡ്‌ ജസ്റ്റ്‌
ചെയ്‌തു കൊടുക്കുമായിരുന്നു. കോളേജിന്റെ ഓഫീസില്‍ നിന്ന്‌ ആ മൂന്നു
പെണ്‍കുട്ടികളേയും വിളിപ്പിക്കുക ആയി രുന്നു. ഹോസ്റ്റലില്‍ നിന്ന്‌
അറിയിച്ചതനു സരിച്ച്‌ റൂം മേറ്റിനേയും ഒപ്പം ഇരിക്കുന്ന

സഹപാഠികളേയും. അവരാണ്‌ ആദ്യം ബോഡി ഐഡന്റിഫൈ ചെയ്‌തതും
അ വര്‍ക്കറിയാവുന്ന വിവരങ്ങള്‍ നല്‍കിയതും. സ്റ്റേഷനില്‍ നിന്ന്‌
പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു വിധപ്പെട്ട എല്ലാ കോളേജുകളിലും
വിളിച്ചിരുന്നത്രെ.
വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ കണ്ടു നില്‍ക്കാനായില്ല.
അലമുറയിട്ടു കരയുന്ന മാതാപിതാക്കള്‍ , അനുജത്തി. മറ്റു ബന്ധുക്കള്‍.
ആംബുലന്‍സില്‍ നിന്നിറക്കാന്‍ ഡ്രൈവറേയും കൂട്ടാളിയേയും സഹായിച്ച്‌
മുറിക്കുള്ളില്‍ എത്തിച്ചു. ബാക്കിയുള്ള കാര്യങ്ങള്‍ നോക്കാന്‍ പള്ളിക്കാരും
വേണ്ടപ്പെട്ടവരും സ്ഥലത്തുണ്ട്‌.ഇനി തനിക്കൊന്നു ഫ്രഷാ കണം, അല്‌പം
വിശ്രമവും.അച്ഛനും അമ്മയും സഹോദരനും സ്ഥലത്തുണ്ട്‌. ആംബുലന്‍
സുകാര്‍ക്ക്‌ വേണ്ടതു കൊടുത്ത്‌ സഹപാഠി യേയും കൂട്ടി വീട്ടിലേക്കു നടന്നു.
തലേന്ന്‌ നേരം വെളുത്തപ്പോള്‍ തുടങ്ങിയ ഓട്ടമാണ്‌. വിശ്രമം ഇല്ലാതെ
.അല്‌പം കഴിയുമ്പോള്‍ പെണ്‍കുട്ടികളേയും കൂട്ടി വീട്ടിലെത്താന്‍ അമ്മയ്‌ക്കു
നിര്‍ദ്ദേശം കൊടുത്തു. ഇടയ്‌ക്കെപ്പൊഴൊ അല്‌പം ഭക്ഷണം കഴിച്ചതാണ്‌
എല്ലാവരും . അവര്‍ക്കും വല്ല തും കഴിക്കണം അല്‌പം വിശ്രമവും
ആവശ്യം. മണിക്കൂറുകളോളം കാറില്‍ ഇരുന്നുള്ള വരവല്ലേ.
കുളിയും ഭക്ഷണവും കഴിഞ്ഞ്‌ ഒന്നുമയങ്ങി എഴുന്നേറ്റപ്പോള്‍ അടുത്ത വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങിയിരുന്നു .
എല്ലാവരുംഅങ്ങോട്ടു നടന്നു. വന്ന കാറില്‍ തന്നെ സംസ്‌കാരച്ചടങ്ങുകള്‍ക്കും പോയി തിരികെയെത്തി . എല്ലാം കഴിഞ്ഞ്‌ വീട്ടില്‍ വന്നിരുന്ന്‌ എല്ലാവരും
കൂടിയിരുന്ന്‌ ചര്‍ച്ച നടത്തിയപ്പോള്‍ മാത്രമാണ്‌ താനേറ്റു നടത്തിയ
കാര്യങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസ്സിലാക്കാനായത്‌. അച്ഛനും
അമ്മയും നാട്ടിലെ കൂട്ടുകാരും വന്ന്‌ തോളില്‍ തട്ടി പ്രശംസിച്ചപ്പോള്‍ തെല്ല്‌
അഭിമാനവും തോന്നി. അനുജനും ജേഷ്ടന്റെ ധൈര്യത്തിലും
പ്രവര്‍ത്തിയിലും പ്രശംസിക്കാന്‍ മടി കാണിച്ചില്ല എന്നതായി രുന്നു ആ
ഇരുപതു വയസ്സുകാരന്‌ അഭിമാനിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.
എല്ലാക്കാര്യങ്ങള്‍ക്കും താനൊരു പേടിത്തൊണ്ടനാണെന്നും അവനാണ്‌
തന്നെക്കാള്‍ ഭേദം എന്നും വീട്ടുകാരും നാട്ടുകാരും എന്തിന്‌ അവന്‍
തന്നെയും വീമ്പു പറഞ്ഞിരുന്നു. പിറ്റേന്ന്‌ പുറപ്പെടുന്നതിനു മുന്‍പ്‌
കൊട്ടിയടച്ച ജനാലകള്‍ ദാ ഇന്നാണ്‌ തുറക്കുന്നത്‌. വിവാഹിതനായി
ഭാര്യയുമൊത്ത്‌ ആദ്യം വന്നപ്പോള്‍ മുതല്‍ മറ്റൊരു മുറിയിലാ യിരുന്നു.
ഇന്ന്‌ ആ മുറി അനുജന്‍ എടുത്തിരിക്കുന്നു. അവനും ഭാര്യയും ഒരു
കുഞ്ഞും. സജ്ജയ്‌! നീ അവിടെ എന്തെടുക്കുന്നു? ദാ എല്ലാവരും
ഭക്ഷണത്തിനെത്തി വരു!
താഴെ നിന്ന്‌ അച്ഛന്റെ വിളി വന്നു.

മേരി അലക്സ് (മണിയ