വിധിയില്‍ തൃപ്തിയില്ല; അപീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ഉത്രയുടെ അമ്മ

വിധിയില്‍ തൃപ്തിയില്ല; അപീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ഉത്രയുടെ അമ്മ

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസ് വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് കോടതി ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് മജിസ്ട്രേറ്റ് എം. മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകള്‍ അനുസരിച്ച്‌ സൂരജ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണമായി.