വൈരമുത്തുവിന് നല്‍കിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനം

വൈരമുത്തുവിന് നല്‍കിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനം

തമിഴ് കവി വൈരമുത്തുവിന് പ്രഖ്യാപിച്ച ഒ.എന്‍.വി പുരസ്കാരം വിവാദത്തെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി തീരുമാനിച്ചു. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് പുനഃപരിശോധന. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. 17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്.