വെട്ടി മാറ്റപ്പെട്ട  കാറ്റാടി മരങ്ങൾ.....പാതവക്കിൽ കരിഞ്ഞുവീണ്  പൂ ചെടികളും:  ജയ്മാേൻ ദേവസ്യ 

വെട്ടി മാറ്റപ്പെട്ട  കാറ്റാടി മരങ്ങൾ.....പാതവക്കിൽ കരിഞ്ഞുവീണ്  പൂ ചെടികളും:  ജയ്മാേൻ ദേവസ്യ 

ഭാഗം 19 

ങ്ങളുടെ ക്ലാസ്സിൽ നിന്ന് കുറച്ചുപേരെ സസ്പെൻഡ്  ചെയ്യാൻ കാരണം ഉണ്ടായിരുന്നു ,കുട്ടികൾ ഇല്ലാത്ത ക്ലാസിലെ ഡസ്കിലും ബ്ലാക്  ബാേർഡിലും എന്റെ പേര് എങ്ങനെ വന്നു എന്നറിയാൻ എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. സാർ എന്ന ഭീഷണിപ്പെടുത്തി. എന്റെ പേര് അവിടെ വന്നു എന്നതിനേക്കാൾ  ആ ക്ലാസ് റൂമുകളിൽ കിടക്കുന്ന പല ഡസ്കിന്റെയും ബഞ്ചിന്റെയും താഴെ ഭാഗത്തുളള ബന്ധങ്ങൾ ഒടിഞ്ഞത് എങ്ങനെ എന്നായിരുന്നു അവർക്കറിയേണ്ടത്. എനിക്കറിയില്ലാ എന്ന് ഞാൻ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസം പോരായിരുന്നു. അവസാനം സ്ഥിരമായി ആ ക്ലാസ്സുകളിൽ ചെല്ലുന്നതാരൊക്കെ എന്നറിയണമെന്നായി ...ഞാൻ ചെല്ലുന്നവരുടെ പേര് പറഞ്ഞു. അതോടെ ഞങ്ങളിൽ വലുപ്പമുള്ളവൻ തന്നെ പ്രതി എന്ന നിലയിൽ അവനെതിരെ നടപടി എടുത്തു. സസ്പെന്റ് ചെയ്തു. ആ  പീരിയഡുകളിൽ ഞങ്ങൾ കുറച്ചു പേരെ ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടിരിക്കുകയായിരുന്നു.. ആ പീരിയഡ് കഴിഞ്ഞുളള ഇൻർവെൽ സമയം സസ്പെന്റ് ചെയ്തവരുടെ പേര് മൈക്കിലൂടെ അനൗൺസ്മെൻറ് ചെയ്തു. ഏതായാലും ഭയപ്പെട്ടതു പോലെ സസ്പെൻഷനിൽ ഞാൻ പെട്ടില്ല. പിന്നെ അപ്പൻമാരെ വിളിച്ചു കൊണ്ടുവന്നാൽ ക്ലാസ്സിൽ കയറ്റാം എന്ന നിബന്ധനയിൽ ഉച്ചക്കു ശേഷം സസ്പെന്റ് ചെയ്തവരെ ക്ലാസ്സിൽ കയറ്റി. അന്നത്തെ ദിവസം അനുഭവിച്ച മാനസിക സംഘർഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ നാട്ടിലെ മുഴുവൻ പുറംപോക്ക് ഭൂമിയിലും കാറ്റാടി പോലയുളള ചെടികൾ വച്ചുപിടിപ്പിക്കണം എന്ന് നാടു ഭരിക്കുന്നവരിൽ ആർക്കോ ഒരു ബോധോദയം ഉണ്ടായി...അതിനു വേണ്ടി പ്രൊജക്ടായി, സ്ഥലം കണ്ടെത്തലായി, കുഴിയെടുക്കലായി,ചെടി നടലായി ..... ആകെ ജഗപൊകയായി കാര്യങ്ങൾ നടന്നു....ഞങ്ങളുടെ നാട്ടിലെ പുറംപോക്കുഭൂമികളിലും ധാരാളം മരങ്ങൾ നട്ടു ... കാറ്റാടി എന്ന ചൂളമരം..
ഒന്നല്ല... ഒരു പാടെണ്ണം ... തോട്ടം പോലെ .....റബർ നടുന്നത് പോലെ കൃത്യമായ അകലം പാലിച്ച്, ഓരോന്നിനും റബർ  കുഴി പോലെ വലിയ കുഴിയും കുത്തി ഈ ചെടി നട്ടു...
തലയോലപ്പറമ്പ് പള്ളിക്കവലയിലെ പഴയ രാഗം തീയറ്റർ മുതൽ ഇപ്പോഴത്തെ കാർണിവൽ തീയറ്റർ വരെയുളള സ്ഥലത്തിനിടയിൽ ഉണ്ടായിരുന്ന പുറംപോക്ക് തോട്ടിലും, (ഈ പുറംപോക്ക് തോടെല്ലാം മണ്ണിട്ട് നികത്തി പലരും കൈവശപ്പെടുത്തി എന്നതാണ് നിലവിലെ സ്ഥിതി) തലപ്പാറ വളവിൽ കുഴുപ്പിൽ കുഞ്ഞപ്പൻ ചേട്ടന്റെ വീടിന് സമീപം PWD വക പുറംപോക്ക് ഭൂമിയിലും, ആലിൻചുവട്ടിൽ വിശാലമായി കിടക്കുന്ന പുറംപോക്ക് ഭൂമിയിലും, പൊതി നെരപ്പേൽ പള്ളിയുടെ എതിർ വശത്തുമെല്ലാം സാമൂഹ്യവനവൽക്കരണമെന്ന പേരിൽ ഈ കാറ്റാടി മരങ്ങൾ നട്ടത് ആ വർഷത്തെ ഒരു പരിസ്ഥിതി ദിനത്തിൽ ആണ്. ...
സമയാ സമയങ്ങളിൽ പണിക്കാർ വന്ന് (ഇന്നത്തെ പൊലെ അന്ന് തൊഴിലുറപ്പുകാരൊന്നും ഇല്ലാരുന്നു) ഇവിടെ വളർന്നുപൊങ്ങിയ പുല്ലെല്ലാം പറിച്ചു കൂട്ടി , പരിപാലിച്ച് വളർന്നു പൊങ്ങിയ ചൂളമരങ്ങൾ കാറ്റത്ത് തലയും ആട്ടി ഭംഗിയായി നിരനിരയായി നിൽക്കുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു . ഈ പറിക്കുന്ന പുല്ല് വീട്ടിലെ പശുക്കൾക്ക് വേണ്ടി ഞങ്ങൾ പോയി എടുക്കുമായിരുന്നു. ഇതിന് ചുറ്റും കമ്പി വേലി കെട്ടി തിരിച്ച് ആടും പശുവും മനുഷ്യരുമെല്ലാം ഇതിൽ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നതിനാൽ നല്ല കരുത്തോടെ നല്ലയിനം പുല്ലുകൾ ഇവിടെ വളരുകയും ചെയ്തിരുന്നു.. പരിപാലനമെല്ലാം കുറച്ചു നാളുകൾ കൊണ്ട് നിലച്ചു. അതോടെ മരങ്ങളിലും, അതിന്റെ ഭംഗിയിലുമായി പൊതുജനശ്രദ്ധ...പിന്നീട് വന്ന ഓരോ ക്രിസ്മസ് ആഘോഷത്തിനും പുതു വത്സരാഘോഷത്തിനുമെല്ലാം ക്ലബ്ബുകളുടേയും വ്യക്തികളുടേയും ആഘോഷങ്ങൾക്ക് പകിട്ടു കൂട്ടുവാൻ വെട്ടിമാറ്റപ്പെട്ടത് ഈ മരങ്ങൾ ആയിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്തി ഇതിന്റെ കമ്പുകളും മരം തന്നെ ചുവടോടെ വെട്ടിയെടുത്തുമെല്ലാം കാറ്റാടി മരങ്ങളെ അവരുടെ ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ  വേണ്ടി സ്വന്തമാക്കിയപ്പോൾ നഷ്ടപ്പെട്ടത് നാടിന്റെ മുഖച്ഛായ മാറ്റുന്ന ഒരു ആശയത്തിന്റെ ഫലപ്രാപ്തിയെ ആയിരുന്നു.. കമ്പി വേലി കെട്ടാൻ കൊണ്ടുവന്ന കരിങ്കൽ തൂണുകൾ നാട്ടിലെ പല പറമ്പുകളുടെയും അതിർത്തിക്കല്ലുകളും ആയിട്ടുണ്ടാവണം.. എന്താണെന്നു വച്ചാൽ ഇതിലൊരെണ്ണം പോലും കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവിടെയൊന്നും കാണാനില്ലായിരുന്നു..
അന്നു നട്ട ഒന്നു രണ്ടു കാറ്റാടിമരങ്ങൾ  പൊതി പള്ളിയുടെ സമീപം ഇപ്പോഴും ഉണ്ടെന്നതാണ് ഈ വിധത്തിൽ അന്ന് പണം മുടക്കിയിരുന്നു എന്നതിന്റെ ആകെയുളള തിരുശേഷിപ്പ് ...
ഇതിന്റെ കൂടെ നട്ടതും,  വടയാർ പൊട്ടൻ ചിറമുതൽ തുറുവേലിക്കുന്നു വരെയുളള ഭാഗങ്ങളിലെ വഴി വക്കിൽ വയലറ്റ് പൂവുണ്ടാകുന്ന  സുന്ദരി ചെടികളെ കാണുമ്പോൾ ഇപ്പോഴും ഓർമ വരുന്നത് ശൈശവത്തിലേ പിഴുതുമാറ്റപ്പെട്ട ഞങ്ങളുടെ നാട്ടിലെ ആ പാവം കാറ്റാടി മരങ്ങളെയാണ്.
അതിനു ശേഷം പല പരിസ്ഥിതി ദിനാചരണങ്ങൾ നടന്നു...കോട്ടയം ജില്ലയെ ഉദ്യാന ജില്ല ആക്കണം എന്ന ആശയത്തിൽ പാതവക്കിലെല്ലാം പുഷ്പ ചെടികൾ വച്ചു പിടിപ്പിച്ചു..ആടുമാടുകൾ തിന്നാതിരിക്കുവാൻ മിക്കതിനും ഇരുമ്പിൻ കൂടുകൾ പണിത് ചുറ്റിനും വളച്ചു വച്ചു പോലും ചെടികളെ സംരക്ഷിച്ചു......ഈ  ആശയങ്ങളും പണചിലവിൽ മാത്രം കൃത്യത കാണിച്ചപ്പോൾ , വച്ച ചെടികൾ  അവശേഷിച്ചതെത്രയെണ്ണം ഉണ്ടെന്നത് ചോദ്യചിഹ്നം തന്നെ ആണ്.....
അങ്ങനെ ഒൻപതിൽ പഠിക്കുന്ന സമയത്താണ് സബ് ജില്ലാ യുവജനോൽസവത്തിന് ഗാനമേള അവതരിപ്പിയ്ക്കുവാൻ ഞങ്ങൾ പോകുന്നത്...ഞാൻ, വിനോദ്, ആദർശ് , സിബിച്ചൻ, ജോസി എന്നിങ്ങനെ കുറച്ചുപേർ...വിനോദ് തബല, ആദർശ് മൃദംഗം, ഞാൻ കീബോർഡ് പിന്നെ സിബിച്ചൻ പാട്ടു പാടുന്നു...ആ ഗാനമേള പരിപാടി വലിയൊരു സംഭവം തന്നെ ആയിരുന്നു....തുടരും..


 ജയ്മാേൻ ദേവസ്യ, തലയോലപ്പറമ്പ്