വിമല: നോവലൈറ്റ്; അധ്യായം ഒന്ന്

വിമല: നോവലൈറ്റ്; അധ്യായം ഒന്ന്

തിവുപോലെ  മോളിക്കുട്ടി രാവിലെതന്നെ  പത്രമെടുത്ത് മറിച്ചുനോക്കി. ആദ്യപേജിൽത്തന്നെ,  വർഷങ്ങൾക്കുമുമ്പ് തിരുവല്ലയിൽ  പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും ദാരുണാന്ത്യത്തിൻ്റെ കാരണക്കാരനായ പ്രതിയെക്കുറിച്ചുള്ള  വാർത്ത.  വായിച്ച് സങ്കടം തോന്നി. സത്യം സ്വർണ്ണപ്പാത്രംകൊണ്ട് മൂടിവച്ചിരിക്കുന്നു. ആ വാർത്തയിൽ കരംവച്ച് മോളിക്കുട്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു: "എല്ലാം അറിയുന്നവനായ,  സർവ്വശക്തനായ ദൈവം തമ്പുരാനെ, ഈ കേസിൻ്റെ സത്യാവസ്ഥ ജനങ്ങൾക്ക്  വെളിപ്പെടുത്തികൊടുക്കണെ. പീഡിതർക്ക് നീതി നടത്തികൊടുക്കണമെ. പീഡകർക്ക് ന്യായമായ ശിക്ഷ നടത്തിക്കൊടുക്കണമെ.  ഇന്നാട്ടിൽ ഇതുപോലെയുള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കാതെ കാക്കണമെ" 

         അടുത്ത പേജുകൾ ഓടിച്ചുനോക്കി. പ്രാദേശിക വാർത്തകൾ വായിച്ചു. ചരമപ്പേജിൽ കണ്ണുടക്കി നിന്നു. കണ്ണട വച്ച  പ്രൗഢയായ ഒരു സ്ത്രീയുടെ ഫോട്ടോയിൽ  നോട്ടം തറഞ്ഞുനിന്നു. 

      ദൈവമെ ഇതെൻ്റെ വിമലമ്മയല്ലേ. അയ്യോ,  അവൾ മരിച്ചുപോയോ? അവൾക്ക് 55 വയസ്സ് മാത്രം. ഹൃദയ സ്തംഭനമായിരുന്നോ? അതോ രോഗിയായി കിടപ്പിലായിരുന്നോ?  ആരോടെങ്കിലും അന്വേഷിച്ചറിയാം. ഈ കോവിഡ് കാലത്ത് കല്യാണവീടുകളിലോ  മരണവീടുകളിലോ എന്തിനേറെ സ്വന്തം അപ്പച്ചൻ്റെ ഓർമ്മദിനത്തിനുപോലും താൻ പോയിട്ടില്ല. അതിൻ്റെ പേരിൽ ഇളയ സഹോദരൻ ഫോണിലൂടെ തന്നെ വലിച്ചുകീറി തേച്ചൊട്ടിച്ചതാണ്.  എങ്കിലും വിമലമ്മയെക്കുറിച്ച് കൂടുതൽ അറിയാൻ അവനെത്തന്നെ വിളിക്കാം. വിമല തൻ്റെ ബാല്യകാലസുഹൃത്തും അയൽക്കാരിയുമല്ലേ.

         കൊച്ചാങ്ങളയുടെ ഭാര്യ വിനീത,  മോളിക്കുട്ടിയോട് എല്ലാം വിവരിച്ചു, എന്നിട്ട് കൂട്ടിച്ചേർത്തു; ചേച്ചിയ്ക്കു  മേലാത്തിടത്ത് വരണ്ട. ഇവിടെയപ്പിടി കോവിഡ് രോഗികളാ. ഇവിടുത്തെ ആശുപത്രിയും കോവിഡ് രോഗാശുപത്രിയാക്കി മാറ്റി. അവിടെയിരുന്ന് കൂട്ടുകാരിയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിച്ചാൽ മതി. എന്താണേലും ആ നല്ല ആത്മാവ് സ്വർഗ്ഗത്തിലേ ചെല്ലൂ, ഉറപ്പാണ്"

" അതേ ഉറപ്പാണ്:

താനും പ്രതിവചിച്ചു.

അവളുടെ ഓർമ്മകൾ പിന്നാക്കം പോയി. 

       *.  *.  *  *

    വിമല കാണാൻ അങ്ങനെ എടുത്തുപറയത്തക്ക പ്രത്യേകതകളോ ദോഷങ്ങളോ ഇല്ലാത്ത ഒരുസാധാരണ പെൺകുട്ടിയായിരുന്നു. അവരുടെ വീട്ടിലെ മറ്റു പെൺകുട്ടികൾ അതിസുന്ദരിമാരായിരുന്നുഎന്നാൽ വിമലയുടെ സത്സ്വഭാവം എടുത്തു പറയേണ്ടതുതന്നെ. ഒരു തെറ്റേ അവൾ ചെയ്തിട്ടുള്ളൂ. സതീർത്ഥ്യനും അയൽനാട്ടുകാരനുമായ ഒരുവനെ സ്നേഹിച്ചു.  വിവാഹം കഴിച്ചു. വിവാഹത്തിൻ്റെ  ആദ്യനാളുകൾ അടിച്ചു പൊളിച്ചു. കാലങ്ങൾ മുന്നോട്ടു ചെന്നപ്പോൾ വിമലയുടെ ഭർത്താവ് രാജേഷിൻ്റെയും, അവൻ്റെ അമ്മ രാജേശ്വരിയുടെയും തനിനിറം പുറത്തുവന്നു. വീട്ടിൽച്ചെന്ന് സ്വത്തു വിഹിതം വാങ്ങിക്കൊണ്ടുവരണം. സ്ത്രീധനവും സ്വർണ്ണവും തീരെകുറഞ്ഞുപോയി. കിട്ടിയത് കല്യാണച്ചെലവിനുതന്നെ തികഞ്ഞിട്ടില്ല.  അതിൻ്റെ പേരിൽ നിരന്തരം പരിഹാസം. എന്തിനേറെ കുടിച്ചു മത്തനായി കടന്നു വരുന്ന  രാജേഷിൻ്റെ ചെവിയിൽ അവൻ്റെ അമ്മ ഓതിക്കൊടുത്തതെല്ലാം അവനു വേദവാക്യം.  അതോടെ വിമലയുടെ കഷ്ടതയും വർദ്ധിച്ചു.

   അവളുടെ വീട് ഒരു കൂട്ടുകുടുംബമാണ്. അവിടെ അവളുടെ മൂത്ത മൂന്നു ചേച്ചിമാരും ഭർത്താക്കന്മാരും, ചേട്ടനും ഭാര്യയും എല്ലാവരുടെയും മക്കളുമുണ്ട്. മൂന്നു മുറിയിൽ ഒരു പഴയ ഓടിട്ട വീട്... ആകെ പത്തു സെൻറു സ്ഥലം. സ്വാർത്ഥരും  സ്നേഹശൂന്യരുമായ സഹോദരനും കുടുംബവും. സഹോദരിമാരും അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങളും സ്കൂൾ  ഒഴിവുദിനങ്ങൾക്കോ  ഉത്സവങ്ങൾക്കോ ഭർതൃവീട്ടിൽ പോയാലായി.

ഇടയിൽക്കിടന്ന് വീർപ്പുമുട്ടുന്ന വിധവയായ  അമ്മ. അമ്മയാണെങ്കിൽ ദുഷ്പേരു്  ഇഷ്ടംപോലെ സമ്പാദിച്ചിട്ടുമുണ്ട്.

  കുട്ടിയായിരുന്ന വിമലതന്നെ എത്രയോ പ്രാവശ്യം അമ്മയെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ്. അമ്മ എളുപ്പവഴിയിൽ  ക്രിയ ചെയ്ത് ധനമുണ്ടാക്കി മക്കളെവളർത്തി. അയൽ വീടുകളിലെ എത്രയോ ഭാര്യമാരുടെ കണ്ണീരിൻ്റെ ഉപ്പുരസമുള്ള ശാപം വിമലയുടെ കുടുംബത്തിലുണ്ട്.

  അറയ്ക്കലെ ലീലാമ്മയും പൊത്തൻപുറത്തെ മേരിമ്മയും ഒക്കെ വിമലയുടെ അമ്മയെ അരിഞ്ഞുകുത്തി പിരാകിയിട്ടുണ്ട്. അവരുടെ ഭർത്താക്കന്മാരുടെ പണവും സ്നേഹവും സമയവും സല്പേരും വിമലയുടെ അമ്മ കൊച്ചുപാറു അപഹരിച്ചെടുത്തിട്ടുണ്ട്. കൊച്ചുപാറുവിനുവേണ്ടി  അന്ന് ആ ദേശത്തെ പുരുഷന്മാർ ക്യൂ നിന്നിട്ടുണ്ട്. വലിയ വായാടിയായ ആ സ്ത്രീയെ നേരിൽക്കാണുമ്പോൾ കുലീനരായ കുടുംബിനികൾക്ക് അറപ്പു തോന്നുമെങ്കിലും അവരാരും തന്നെ  പുറമെ പ്രകടിപ്പിക്കാതെ നുരഞ്ഞുപൊന്തുന്ന അമർഷം ഉള്ളിലടക്കി. കൊച്ചുപാറുതന്നെ പറയുന്നത് ഇങ്ങനെ:

 " ഞാനേ ഇന്നാട്ടിലെ പല നാറികൾക്കും വേണ്ടി പാ വിരിച്ചിട്ടുണ്ടേലും എൻ്റെ മക്കളഞ്ചും എൻ്റെ കഴുത്തിൽ താലികെട്ടിയവൻ്റേ തന്നാ"  

   ഒരിക്കൽ മാങ്ങാനത്തെ സണ്ണീടെ ഭാര്യ ആരോടൊ  പറഞ്ഞുവത്രേ.... കൊച്ചു പാറൂൻ്റെ ആ രണ്ടാമത്തെ പെങ്കൊച്ച് നമ്മടെ കിണറ്റുങ്കലെ കുഞ്ഞിനെ പറിച്ചുവച്ച പോലൊണ്ടെന്ന്.  പിന്നെ നടന്നത് ഒരു പൂരപ്പാട്ടു തന്നെയായിരുന്നു. പാറു സണ്ണീടെ വീട്ടിനു മുന്നിൽ വന്ന് താണ്ഡവമാടി. ആർക്കാടി അറിയേണ്ടത്. ഇറങ്ങിവാടി ഞാൻ അറീച്ചു തരാമെടീന്നു പറഞ്ഞ്. സണ്ണീടെ ഭാര്യ റാണി അറയ്ക്കകത്തു കയറി ഒളിച്ചിരുന്നു. സണ്ണി മുറ്റത്ത് ഇറങ്ങിച്ചെന്നു പറഞ്ഞു പാറുക്കുട്ടി ഇപ്പം വീട്ടിപ്പോ അവക്കിട്ട് ഞാൻ കൊടുത്തോളാമെന്ന്.  പാറു കൂടി നിന്ന ആൾക്കൂട്ടത്തിൻ്റെ മുമ്പിൽ തെറി പറഞ്ഞ്  സണ്ണിയുടെ തൊലിയുരിച്ചു... എന്നിട്ട് തുടർന്നു: "നീ ഇനീം ഒളിച്ചും പതുങ്ങീം വാടാ "

അതോടെ സണ്ണിയുടെ വീട്ടിൽ കലഹം സ്ഥിരമായി. കോപം അടങ്ങിയതിനുശേഷം  പാറു പലരോടും പറഞ്ഞുവത്രേ" ഒരു ദേഷ്യത്തിനു ഞാനാക്കൊച്ചനെക്കൊണ്ട്  പറഞ്ഞതാ.. അതിലൊരു കഥേമില്ല."

പക്ഷേ സണ്ണിയുടെ ഭാര്യ സ്വന്തം വീട്ടിൽപ്പോയി നിന്നു. അന്നു മുതൽ പാറുവിനെ ആൾക്കാർ " കുടുംബം കലക്കി '' എന്നു വിളിയ്ക്കാൻ തുടങ്ങി. 

  പാറുവും ഭർത്താവ് തങ്കപ്പനും  അഞ്ചു മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു വരവെയാണ് മദ്യപാനിയായ തങ്കപ്പൻ്റെ കരൾരോഗം മൂർച്ഛിച്ചത്. പാറുവിൻ്റെ എല്ലാ ദുഷ്ചെയ്തികൾക്കും കൂട്ടുനിന്ന, ഭാര്യയെ നിലയ്ക്കു നിർത്താൻ കഴിയാതിരുന്ന അയാൾക്ക് ദൈവം കൊടുത്ത പ്രതിഫലമാണ് ഈ രോഗമെന്ന് ദേശത്തിലെ സ്ത്രീ ജനങ്ങൾ വിധിയെഴുതി.

തങ്കപ്പൻ്റെ മരണശേഷം പാറു മക്കളെ  തെറ്റായ മാർഗ്ഗത്തിലൂടെ യാതൊരു അല്ലലും അറിയിക്കാതെ കാര്യമായി വളർത്തി. മൂത്ത മകൻ സർക്കാർ ജോലിക്കാരനുമായി. അവനെക്കൊണ്ട് പാറുവിനോ അവൻ്റെ സഹോദരിമാർക്കോ ഒരു പ്രയോജനവും കിട്ടിയില്ല. മദ്യപാനിയും താന്തോന്നിയുമായ സോമൻ എന്ന ആ ചെറുപ്പക്കാരൻ ഒരു സായാഹ്നം ഒന്നിനും കൊള്ളില്ലാത്ത ശാഠ്യക്കാരിയായ ഒരുവളെ കൂട്ടിക്കൊണ്ടുവന്നു. ഒരാഴ്ചത്തെ പൊറുതിയ്ക്കുശേഷം സ്വന്തക്കാർ ഇടപെട്ട് വിവാഹം  രജിസ്റ്റർ ചെയ്യിച്ചു. പെൺമക്കളിൽ വിമല ഒഴിച്ചുള്ളവർ  അതിസുന്ദരികളായിരുന്നു.  അമ്മയെ അന്വേഷിച്ചു വന്നവരെ പാട്ടിലാക്കി അമ്മ ഒപ്പിച്ചു കൊടുത്ത വിവാഹങ്ങൾ. 

വാഴയുടെ ചുവട്ടിൽ പിരിയ്ക്കാതെ നിർത്തിയിരിക്കുന്ന വാഴക്കന്നുകൾ പോലെ എല്ലാരും പാറുവിനോടൊപ്പം. യാതൊരു ദുഷ്ചിന്തകളും തൊട്ടു തീണ്ടിയിട്ടില്ലാത്ത വിമല എന്ന ഇളയ മകൾ മാത്രം എല്ലാ ചീത്തത്തരങ്ങളിൽ നിന്നും വേറിട്ടു നിന്നു. ഇങ്ങനെ സത്സ്വഭാവമുള്ള ഒരുകുട്ടി ആ ചീഞ്ഞവീട്ടിൽ എങ്ങനെ വന്നു പിറന്നു. നാട്ടുകാർ അതിശയിച്ചു. 

 കാലങ്ങൾ അതിവേഗം പാഞ്ഞുപോയി. പാറുവിൻ്റെ യൗവ്വനം ഓടി മറഞ്ഞു. ശരീരം ചുക്കിച്ചുളിഞ്ഞു.  ഭിക്ഷക്കാർക്കു പോലും അവരെ വേണ്ടാതായി. 

   ഇന്ന് പാറുവിൻ്റെ ജീവിതം വളരെ ദയനീയമാണ്. ഉടുതുണിയ്ക്കു മറുതുണിയില്ല. അലക്കിക്കുളിയ്ക്കാൻ എണ്ണയോസോപ്പോ ഇല്ല. കഴിക്കാൻ ആഹാരമോ, നേരെചൊവ്വേ ഒന്നു കിടന്നുറങ്ങാൻ ഒരു മുറി പോലുമില്ല. വിമലയുടെ ചേച്ചിമാരോ ചേട്ടനോ പോലും അമ്മയോട് സ്നേഹപൂർവ്വം ഒന്നുരിയാടാറില്ല.

ഇതാണ് വിമലയുടെ വീട്ടിലെ ദുസ്ഥിതി. അതു കൊണ്ട്  രാജേഷിൻ്റെയും രാജേശ്വരിയമ്മയുടെയും ഉപദ്രവങ്ങൾ സഹിച്ചേ മതിയാകൂ... 

  അവൾ ഒരുപാട് അടിയും ഇടിയുമേറ്റു. അവളുടെ ശരീരഭാഗങ്ങളിൽ പോലും മർദ്ദനങ്ങളും പൊള്ളലുമേറ്റു. അമ്മയുടെ വേശ്യാവൃത്തിയുടെ കണക്ക് രാജേഷ് എണ്ണിയെണ്ണി വിളിച്ചു കൂവി. ആ ക്രോധമദ്യത്തിൻ്റെ പരിണിത ഫലമായ  കയ്പുനീർ വിമല ആവോളം കുടിച്ചു. ഇടി കൊള്ളാൻ തയ്യാറായി,  തൻ്റെ വായ് മൂടിക്കെട്ടിക്കൊണ്ട്, തൻ്റെ മുതുക്  അവൾ അയാൾക്കു മുന്നിൽ കുനിച്ചു കൊടുത്തു. ചെണ്ട തല്ലു വാങ്ങുമ്പോലെ അവൾ ഓരോ അടിയും പരാതിയില്ലാതെ ഏറ്റുവാങ്ങി. 

       ഒരുദിവസം രാജേഷ് തന്ത്രപൂർവ്വം അയാളുടെ അമ്മയെ വീട്ടിൽ നിന്നുമാറ്റി. വിമലയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീപ്പെട്ടി തപ്പുന്നതിനിടയിൽ വിമല വീട്ടിൽ നിന്നിറങ്ങിയോടി. അയൽപക്കത്തുള്ള രാജേഷിൻ്റെ ബന്ധുവിൻ്റെ  വീട്ടിൽ അഭയം തേടി.  അവരാണ് അവളെ രക്ഷിച്ചത്.  പോലീസിൽ വിവരം ധരിപ്പിയ്ക്കാൻ വിമല സമ്മതിച്ചില്ല. സ്കൂളിൽച്ചെന്ന് മകനെയും ഒപ്പംകൂട്ടി അവൾ അന്ന് സ്വന്തം ഗൃഹത്തിലേയ്ക്ക് വന്നതാണ്.

"എടീ ഭാര്യേ നീയെന്നാ ദിവാസ്വപ്നം കാണുവാണോ, ഇന്നെന്നാ രാവിലെ" ഭർത്താവിൻ്റെ ചോദ്യം മോളിക്കുട്ടിയെ ചിന്തയിൽനിന്നുണർത്തി.

              (തുടരും..)

 

സൂസൻ പാലാത്ര