വയലറ്റ്‌പൂക്കളുടെതാഴ്‌വര: കവിത, ടോബിതലയല്‍

വയലറ്റ്‌പൂക്കളുടെതാഴ്‌വര: കവിത, ടോബിതലയല്‍

 



വയലറ്റ്‌പൂക്കള്‍
വിരിഞ്ഞാടിയതാഴ്‌വരയില്‍
കുയിലുകള്‍ മറുപാട്ടുകേട്ട്‌
കുളിരണിഞ്ഞിരുന്നൊരു മരച്ചില്ലയും
മരത്തണലിലാനന്ദം
കുതിച്ചൊഴുകുമൊരു നദിയുമുണ്ടായിരുന്നു.

ഋതുക്കള്‍ മേയാനിറങ്ങുമ്പോള്‍
താഴ്‌വരയാകെ
കസ്‌തൂരിഗന്ധംപടര്‍ത്തി
മാനുകള്‍ കുത്തിമറിയുകയും
സര്‍പ്പങ്ങള്‍ ഇണചേരുകയും
വെയിലും മഴയും
വേര്‍പിരിയാത്ത സഖികളായ്‌
പുഴയിലെ ഓളങ്ങളോട്‌പ്രണയകഥകള്‍
പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു.

വയലറ്റ്‌പൂക്കള്‍ക്കിടയില്‍
നിലാവുള്ള രാത്രികള്‍
കുടില്‍കെട്ടി പാര്‍ത്തിരുന്നു,
നിദ്രയുടെ നിഴല്‍ വീഴാതെ
കണ്ണുകള്‍പ്രകാശം കൊളുത്തിവെയ്‌ക്കുകയും
തളര്‍ച്ചയറിയാതെ ചുണ്ടുകള്‍
താഴ്‌വരയാകെ ഓടിനടക്കുകയും
ആര്‍ത്തിയോടെ ഭക്ഷിക്കുകയും
വിവശതയോടെ കുടിക്കുകയുംചെയ്യുമായിരുന്നു.

പൊന്മാന്‍
ധ്യാനത്തിലമര്‍ന്നൊരു
മുനികുമാരനായി
ഒരുനാള്‍ പ്രത്യക്ഷപ്പെടുകയും
തിരതല്ലുമുള്ളവുമായിവന്ന മീനിന്‌
മറുലോകം കാട്ടാന്‍
നിറമുള്ള ചിറകുകള്‍നല്‍കിയതും
ഈതാഴ്‌വരയിലായിരുന്നു.

ആദിമനുഷ്യര്‍
അണിഞ്ഞിരുന്നത്‌
അജ്ഞതയുടെ വസ്‌ത്രമാണെന്നവര്‍
തിരിച്ചറിഞ്ഞതും
അതൂരിക്കളഞ്ഞ്‌
വയലറ്റ്‌പൂക്കളുടെ വിയര്‍പ്പുഗന്ധമറിഞ്ഞതും
ലഹരിമൂത്തഫലങ്ങള്‍
പരസ്‌പരം നുണഞ്ഞുണര്‍ന്നതും
സ്വര്‍ഗാരോഹണം ചെയ്‌തതും
ഇവിടെവെച്ചായിരുന്നു!