വിശപ്പ്: കവിത, രാജു കാഞ്ഞിരങ്ങാട്

വിശപ്പ്: കവിത,  രാജു കാഞ്ഞിരങ്ങാട്

 

 

വിശപ്പിൻ്റെ വിഷം തീണ്ടി
അവൻ മരിച്ചു
മുഖം കടുത്ത്, ഉടൽ കറുത്ത് -
കിടന്നു
വ്യസനം നീലിച്ച് ചുണ്ട് തുടുത്തി -
രുന്നു

അവൻ ദീർഘ നിദ്രയിലാണ്
ഇനി അവന് വിശക്കില്ല
ഇനിയവന് ആരുടെ മുന്നിലും -
കൈ നീട്ടേണ്ട
കരുണയ്ക്ക് യാചിക്കേണ്ട

മുടന്തിയായ യാചകിയെപ്പോലെ
ഒരു മഴ കരഞ്ഞുകൊണ്ടുവന്നു
കരഞ്ഞുകലങ്ങിയ കണ്ണു തുടച്ച്
അവനെ തന്നെ നോക്കി നിന്നു

അവന് ചാവറ പണിയാൻ
ബന്ധുക്കളാരുമില്ല
കണ്ണീരണിയാൻ കൂട്ടുകാരും
ആരെങ്കിലും വന്ന് എവിടെയെ-
ങ്കിലും കളയുമായിരിക്കും

പുഴുക്കളുടെ ഘോഷയാത്ര ഉണ്ടാ-
കുമായിരിക്കും
കാകനും, കഴുകനും കളിചിരിയായി -
രിക്കും
നായയും,കുറുനരിയും കൂവി കൂത്താ-
ടുമായിരിക്കും

ഇപ്പോൾ,
കറുത്ത ചേലചുറ്റിയ ഇരുട്ട്
അമ്മയെപ്പോലെ അവനെ പൊതിഞ്ഞു -
പിടിച്ചിരിക്കുന്നു

 

 

രാജു കാഞ്ഞിരങ്ങാട്

ഫോൺ - 9495458138