വേൾഡ് മലയാളി കൗൺസിലിന്റെ പേരിൽ ബഹ്‌റിനിൽ നടക്കുന്നത്  അനധികൃത കോൺഫറൻസെന്ന് ഭാരവാഹികള്‍

വേൾഡ് മലയാളി കൗൺസിലിന്റെ പേരിൽ ബഹ്‌റിനിൽ നടക്കുന്നത്  അനധികൃത കോൺഫറൻസെന്ന് ഭാരവാഹികള്‍

 

വേൾഡ് മലയാളി കൗൺസിലിന്റെ  പേരിൽ,  സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട ചിലർ  ചേർന്ന് ബഹ്‌റിനിൽ വച്ച്  "ഗ്ലോബൽ കോൺഫറൻസ്" എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിന്  വേള്‍ഡ്മലയാളി കൗണ്‍സിലുമായി ബന്ധമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു . 

  1995 ഏപ്രിൽ 7 ന് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ   ചെയർമാൻ   ഇന്ത്യയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന  ടി.എൻ.ശേഷനും,ആദ്യ ഗ്ലോബൽ പ്രസിഡന്റ്   പ്രമുഖ സാങ്കേതിക വിദഗ്ധനും, വ്യവസായ പ്രമുഖനുമായിരുന്ന  കെ.പി.പി.നമ്പ്യാരും ആയിരുന്നുവെന്ന് നേതൃത്വം വ്യക്തമാക്കി . 27 വർഷത്തെ മികച്ച സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമായി അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ & ഫാർ ഈസ്റ്റ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 57 പ്രോവിൻസുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണ്  നിലവിൽ വേൾഡ് മലയാളി കൗൺസി ൽ   . 

2021 ഏപ്രിൽ 18ന് ചേർന്ന ഗ്ലോബൽ കോൺഫറൻസ് തിരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ   ജോണി കുരുവിള,  ഗ്ലോബൽ പ്രസിഡന്റ്   ടി.പി.വിജയൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ   ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ്  സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. കൂടാതെ ഈ വേൾഡ് മലയാളി കൗൺസിൽ കേരളത്തിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയും,സംഘടനയുടെ ലോഗോ പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.


2008 ൽ സംഘടനയിൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു വിഭാഗമായി പ്രവർത്തിച്ചിരുന്ന  സംഘടന 2015 ഡിസംബർ 1 ന്  അന്നത്തെ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, മറ്റ് സംസ്ഥാന മന്ത്രിമാരുടെയും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ 'ഐക്യ ദിനം 2015' എന്ന പേരിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടത്തിയ സമ്മേളനത്തിൽ വച്ച് അംഗീകരിച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഒന്നായി ചേരുകയും നാളിതുവരെ ചിട്ടയായ പ്രവർത്തനങ്ങളോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു.

 ഇക്കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് ആഗോളതലത്തിലും, കേരളത്തിലും കേരള സർക്കാരും, നോർക്ക റൂട്ട്സുമായി സഹകരിച്ചു 10 കോടിയിലധികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു . 

കേരളത്തിൽ  കടപ്ലാമറ്റത്ത് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഗ്രീൻ വില്ലേജിന്റെയും, പൂഞ്ഞാറിലെ സ്പോർട്സ് അക്കാദമിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ട് പോവുകയും ചെയ്യുന്നു. ഗ്ലോബൽ ഗ്രീൻ വില്ലേജിൽ പൂർത്തിയായ 12 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ച് 10 ന്  കേരള ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി  ജി.ആർ.അനിൽ കൈമാറി. 

കൂടാതെ കൊച്ചി ടാജ് ഹോട്ടലിൽ വച്ചു നടന്ന ആഗോള ബിസിനസ്സ് കോൺഫറൻസിൽ വച്ച്   ഗ്ലോബൽപരിസ്ഥിതി ഫോറത്തിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ പ്രോജക്ട്കൾക്ക് 12 ലക്ഷം രൂപയുടെ പരിസ്ഥിതി അവാർഡ്   വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ  കേരള മുഖ്യമന്ത്രി  പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക്  നൽകി. 

ഇക്കഴിഞ്ഞ വർഷം ആഗോളതലത്തിൽ 10000 ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഓൺലൈൻ  യുവജനോത്സവം സംഘടിപ്പിച്ചു. 

കഴിഞ്ഞ വർഷം  ആഗോളതലത്തിൽ മലയാളികളെ പങ്കെടുപ്പിച്ച്  ഓസ്ട്രേലിയയിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന്  കലാപരിപാടികൾ  ഓൺലൈനിൽ നടത്തി  24 മണിക്കൂർ നീണ്ട ഓണാഘോഷം ഒരു ചരിത്ര സംഭവം ആയിരുന്നു.

 ആഗോളതലത്തിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള മലയാള ഭാഷാവേദിയുടെ നേതൃത്വത്തിൽ വായനാദിനത്തോട് അനുബന്ധിച്ച്  കവിയരങ്ങ് സംഘടിപ്പിച്ചു. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങളുമായി ആഗോളതലത്തിൽ സംഘടന പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച  സംഘടനയായി പ്രവർത്തിക്കുന്നു.
 . 
2016 ആഗസ്റ്റിൽ നിരന്തരമായുള്ള സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ വേൾഡ് മലയാളി കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഗോപാല പിള്ളയുടെ നേതൃത്വത്തിൽ ചില ആളുകൾ ചേർന്ന് ആണ് ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ കോൺഫറൻസ് എന്ന പേരിൽ  ബഹ്റൈനിൽ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് യഥാർത്ഥ വേൾഡ് മലയാളി കൗൺസിലുമായി യാതൊരു ബന്ധവുമില്ലാത്തതും, നിയമവിരുദ്ധമാണ്. 

2018 ൽ കേരള ഗവർണർ ജസ്റ്റിസ്. പി.സദാശിവത്തെ പങ്കെടപ്പിച്ച്  ഇത്തരത്തിൽ ഒരു പ്രോഗ്രാം നടത്താൻ ശ്രമിക്കുകയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഗവർണർക്ക് പരാതി നൽകുകയും അതിൽ അന്വേഷണം നടത്തി യഥാർത്ഥ വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടന അല്ലെന്ന് മനസ്സിലാക്കി അദ്ദേഹം അതിൽ പങ്കെടുത്തില്ല. 

കൂടാതെ പലപ്പോഴായി ഇവരുടെ നേതൃത്വത്തിൽ  ദൃശൃപത്രമാധൃമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ സംഘടനയുടെ പേരിൽ ഇല്ലാത്ത പദ്ധതികളെ കുറച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും സംഘടനയുടെ പേരിന് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2021 മേയിൽ സംഘടനയുടെ പേര് ഉപയോഗിച്ച് കോടി കണക്കിന് രൂപയുടെ വ്യാജ പ്രോജക്ടുകൾ അവതരിപ്പിച്ചതിനെതിരെ കോട്ടയം എസ്.പി ഓഫീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.  

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഇത്തരം  പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രമുഖ അഭിഭാഷകൻ അഡ്വ. ശിവൻ മഠത്തിൽ മുഖേന കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.  

മൂന്നു  പതിറ്റാണ്ടു നീണ്ട പ്രവർത്തന പാരമ്പര്യമുള്ള  വേൾഡ് മലയാളി കൗൺസിലിന്റെ  പേരും ലോഗോയും അനധികൃത മാർഗ്ഗത്തിലൂടെ ഉപയോഗിച്ച്  സംഘടനക്ക് സമൂഹ മദ്ധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിൽ  നേതൃത്വം ശക്തമായ   പ്രതിഷേധം അറിയിച്ചു .  ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന കോൺഫറൻസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈൻ ഭരണാധികാരികൾക്ക് പരാതി  നൽകിയിട്ടുണ്ടെന്നും 
ഗ്ലോബൽ ചെയർമാൻ  ജോണി കുരുവിള , ഗ്ലോബൽ പ്രസിഡന്റ് ടി. പി.വിജയൻ , ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ , ഗ്ലോബൽ ട്രഷറർ  ജയിംസ് കൂടൽ , ഗ്ലോബൽ  വൈസ്പ്രസിഡന്റ്-  ഇന്ത്യ റീജിയൺ ഷാജി മാത്യൂ എന്നിവർ അറിയിച്ചു