'ഒരു ആത്മാവിന്റെ ഡയറി' : പുസ്തക പരിചയം, മായാദത്ത്

'ഒരു ആത്മാവിന്റെ ഡയറി' : പുസ്തക പരിചയം,  മായാദത്ത്

 

      കാന്തതയുടെ നോവുകളെ, ജീവിതത്തിന്റെ തിരസ്കാരങ്ങളെ, പ്രണയാവസ്ഥകളെ, മനുഷ്യബന്ധങ്ങളുടെ ഊരാക്കുടുക്കുകളെ, പ്രകൃതിയുടെ നിറഭേദങ്ങളെ, നൊസ്റ്റാൾജിയയുടെ നിറക്കൂട്ടുകളെ, വീടിന്റെ നാലുചുവരുകൾക്കുള്ളിലെ നെടുവീർപ്പുകളെ, ഒക്കെയും എങ്ങിനെ അക്ഷരക്കൂട്ടുകളുടെ വലയങ്ങളിലേക്കു ഒതുക്കിക്കൂട്ടാമെന്നു ശ്രീ യഹിയ ഒരുപിടി കവിതകളായി ഈ പുസ്തകത്തിലൂടെ കാണിച്ചു തരുന്നു.

ആധുനികതയുടെ ജീവിതത്തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ടുപോകുമ്പോൾ അറിയാതെ ഉള്ളിലുറഞ്ഞുകൂടുന്ന തിരിച്ചറിയാനാവാത്ത കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും വാക്കുകളായി, വരികളായി, ഒടുവിലൊരു കവിതയായി വായനക്കാരനു  തരുമ്പോൾ, സ്വന്തം ഉള്ളിൽ ഉറഞ്ഞുകൂടിയ സന്തോഷങ്ങൾ ആസ്വദിക്കുകയും വേദനകളും രോദനങ്ങളും കുടഞ്ഞു കളയുകയും ചെയ്യുന്നതിനോടൊപ്പംതന്നെ കവി പ്രതീക്ഷയും പ്രദാനം ചെയ്യുന്നുണ്ട്. കാച്ചിക്കുറുക്കിയെടുത്ത ചെറിയ വാക്കുകളിൽ  ഒരു കടലോളം ചിന്തകൾ ഒളിപ്പിച്ചുവച്ച വരികൾ ശ്രീ യഹിയയുടെ പ്രത്യേകതയായി വായനക്കാരന് അനുഭവമാകുന്നു. ഈ പുസ്തകത്തിലെ പല കവിതകളും ഇതിനുള്ള ഉദാഹരണങ്ങളാണ്. താജ് മഹൽ, ബലിച്ചോർ, വേര് എന്നീ കവിതകളിൽ വാക്കുകളേക്കാളേറെ വേദനിപ്പിക്കുന്ന ചിന്തകളാണ് വരച്ചു ചേർത്തിരിക്കുന്നത്.

മരീചിക എന്ന വാക്കുതന്നെ ഒരുപാട് കാല്പനികതകളെ ഒളിപ്പിച്ചിരിക്കുന്നതാണ്. മനുഷ്യജീവിതം ഒരിക്കലും കണ്ടുകിട്ടാനിടയില്ലാത്ത മരീചികകൾ തേടിയലയുന്ന ഒരു നീണ്ട യാത്ര തന്നെയാണ്. 'മരീചികയിൽ തിരയുന്നവർ' എന്ന കവിത ശ്രീ യഹിയയുടെ ചിന്തകളുടെ നേർക്കാഴ്ചയായി മാറിയിരിക്കുന്നു. “നിങ്ങളുടെ ചിന്തകൾക്ക് മൗനം കൊണ്ട് ചിതയൊരുക്കണം” എന്ന് പറയുന്ന കവി, അടുത്ത വരികളിൽ “സ്വപ്നങ്ങളെ കണ്ണീരുകൊണ്ട് നനച്ചു വളർത്തണമെന്നു”കൂടി പറയുന്നു. "ഇവിടെ ഈ ഒറ്റ മുറിയിൽ തണുത്തു മരവിച്ച മൗനങ്ങൾക്കിടയിൽ മോഹങ്ങൾ അടക്കം ചെയ്ത കുഴിമാടങ്ങൾ കാണാം" എന്ന് നെടുവീർപ്പിടുന്ന കവി വരച്ചു കാട്ടുന്നത് ഒറ്റപ്പെടുന്നവരുടെ മൗനവിലാപങ്ങളാണ്. "കൈനീട്ടിപ്പിടിക്കുന്നതൊക്കെയും മരീചികയാണെന്നു തിരിച്ചറിയുമ്പോഴേയ്ക്കും ഒരു ഒട്ടകമായി നമ്മൾ പരിണമിച്ചിരിക്കുമെന്നു" പറയുമ്പോൾ, നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും ആവശ്യമില്ലാത്ത, കണ്ണുകളെ കബളിപ്പിക്കുന്ന മരീചികയ്ക്കുപിന്നാലെ ഓടി ജീവിതം നശിപ്പിക്കുന്ന നമ്മളെയൊക്കെ ഇരുത്തി ചിന്തിപ്പിക്കുകയാണ് കവി ചെയ്യുന്നത്.

സ്വന്തം കവിതകളിൽ മനുഷ്യജീവിത യാഥാർഥ്യങ്ങളെ നിറം പിടിപ്പിക്കാത്ത ഏറ്റവും ലഘുവായ വാക്കുകളിൽ ഇത്രയേറെമനോഹരമായി വരച്ചിടാനുള്ള ശ്രീ യഹിയയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കവിയിൽ നിന്നും ഇനിയുമിനിയും ഒരുപാട് നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.

 

 മായാദത്ത്