യാത്ര : കവിത , റോയ്‌ പഞ്ഞിക്കാരൻ

യാത്ര : കവിത ,  റോയ്‌ പഞ്ഞിക്കാരൻ

 

 

 

ർണമേതെന്നറിയാതെ 

പാലാഴി നെഞ്ചിൽ നിറച്ചു 

നീട്ടിയ കൈകളിൽ എത്തിപിടിക്കാനായി 

പിച്ച വെച്ച് ഒരു യാത്ര 

 

ഏഴു വർണങ്ങളും നീട്ടിയ 

കരുത്തുള്ള വിരലിൽ പിടിച്ചൊരു യാത്ര 

 

വഴിയോരത്തു  കാത്തു നിന്ന  

മഞ്ഞു തുള്ളിയെ 

കാണുവാൻ 

കാല്നടയായൊരു യാത്ര

 

ഞാനെല്ലാമാണ് എന്നുകരുതി

ആരെയും ഗൗനിക്കാതെ 

സൈക്കിളിലൊരു യാത്ര 

 

ആർക്കോ വേണ്ടി  

ഒരു ചാറ്റൽ മഴയിൽ 

മൗനമായി 

ബസിലൊരു യാത്ര

 

നീയൊന്നു കാണട്ടെ എന്ന് കരുതി 

കാലിന്മേൽ കാൽ കയറ്റിവെച്ച് 

കാറിലൊരു യാത്ര 

 

സ്വപ്നങ്ങളിലെ ചിറകിലേറി 

ആകുലതകൾ ഒളിപ്പിക്കാൻ

വിമാനത്തിലൊരു യാത്ര 

 

അവസാനം  

കാലവും നേരവും 

അറിയാത്ത സ്ഥലത്തേക്ക് 

എല്ലാവരാലും താങ്ങിയെടുത്തു 

മഞ്ചലിൽ ഒരു യാത്ര

 

റോയ്‌ പഞ്ഞിക്കാരൻ