എം.എ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എം.എ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്‍റെ ഭാവി പദ്ധതികളെ പറ്റി യൂസഫലി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലും കേരളത്തില്‍ തിരുവനന്തപുരത്തും ലുലു ഷോപ്പിംഗ് മാളുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

കോവിഡ് വാണിജ്യ വ്യവസായ ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ഉത്തേജക പരിപാടികള്‍ പുത്തനുണര്‍വ്വാണ് രാജ്യത്ത് സൃഷ്ടിച്ചത് എന്നും പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതല്‍ മുതല്‍മുടക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സംസ്‌കരണ രംഗത്ത് ലുലു വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും യൂസുഫലി അറിയിച്ചു. കശ്‌മീര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഗള്‍ഫ് നാടുകളില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് പറഞ്ഞ യൂസഫലി ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ആലോചനകളും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.