ഓഹരി വിപണിയില്‍ തുടക്കം കുറിച്ച്‌ സൊമാറ്റോ; കമ്പനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

ഓഹരി വിപണിയില്‍ തുടക്കം കുറിച്ച്‌ സൊമാറ്റോ; കമ്പനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

ഇന്ത്യയിലെ മുന്‍നിര ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോ ദലാല്‍ സ്ട്രീറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. എന്‍‌എസ്‌ഇയില്‍ 116 രൂപ നിരക്കിലാണ് സൊമാറ്റോ വ്യാപാരം ആരംഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിംഗ് വില 51.32 ശതമാനം ഉയര്‍ന്ന് 115 രൂപയായി.

സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐ‌പി‌ഒയാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്. കമ്ബനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി രൂപ കടന്നു. ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷമാണ് വിപണി മൂലധനം 1,08,067.35 കോടി രൂപ കടന്നത്. ഐഒസി, ബിപിസിഎല്‍, ശ്രീ സിമന്റ്സ് എന്നീ കമ്ബനികളേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ സൊമാറ്റോയുടെ സ്ഥാനം.

ജൂലൈ 14 മുതല്‍ 16 വരെയായിരുന്നു ഐപിഒ വില്‍പ്പന. 9,375 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ നിക്ഷേപകരില്‍ നിന്ന് 38.25 മടങ്ങ് സബ്സ്ക്രിപ്ഷനുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫുഡ് ഡെലിവറി വിഭാഗത്തിലെ ആദ്യ ലിസ്റ്റിംഗ് ആണ് സൊമാറ്റോയുടേത്. നിക്ഷേപകരില്‍ നിന്നുള്ള ആവശ്യം, മാര്‍ക്കറ്റ് ഷെയര്‍ നേടുന്നതിലെ സ്ഥിരത എന്നിവയാണ് സൊമാറ്റോയുടെ അരങ്ങേറ്റത്തിന് പിന്തുണ നല്‍കുന്നത്.

2010ലാണ് ഉപഭോക്താക്കളെയും റെസ്റ്റോറന്റ് പങ്കാളികളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോം സൊമാറ്റോ ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച്‌ നല്‍കുന്നതിനൊപ്പം റെസ്റ്റോറന്റ് പങ്കാളികള്‍ക്ക് ഒരു മാര്‍ക്കറ്റിംഗ് ഉപകരണമായും സൊമാറ്റോ മാറുന്നു. ഇത് റെസ്റ്റോറന്റ് ഉടമകളെ അവരുടെ ബിസിനസ്സ് വളര്‍ത്തുന്നതിന് സഹായിക്കുന്നു.